പേരാമ്പ്ര: പട്ടാപ്പകൽ കൂരാച്ചുണ്ട് ടൗണിൽ കാട്ടുപന്നിയുടെ മിന്നലാക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ലോട്ടറി വിൽപന നടത്തുന്ന കല്ലാനോട് നടുക്കണ്ടി പറമ്പിൽ വേലായുധനാണ് പരിക്കേറ്റത്. ഇദ്ദേഹം കൂരാച്ചുണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി.
ഓട്ടത്തിൽ ഒരു കാറിനെയും പന്നി ഇടിച്ചിട്ടുണ്ട്. ശനിയാഴ്ച പകൽ 11.20 ഓടെയാണ് കൂരാച്ചുണ്ട് ബസ് സ്റ്റാൻഡിനു സമീപം കാട്ടുപന്നി എത്തിയത്. തിരക്കുള്ള ടൗണിലൂടെ അതിവേഗത്തിൽ ഓടുകയായിരുന്നു. ഈ ഓട്ടത്തിലാണ് കാറിൽ ഇടിച്ചതും വേലായുധനെ ആക്രമിച്ചതും. കുറച്ചുനേരം ടൗണിൽ പരിഭ്രാന്തി പരത്തിയ പന്നി പിന്നീട് ഉൾപ്രദേശത്തേക്ക് ഓടി മറിഞ്ഞു. കൂരാച്ചുണ്ട് ഉൾപ്പെടെ മലയോര മേഖലകളിൽ കാട്ടുപന്നികൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതും വ്യാപകമായിരിക്കുകയാണ്.
ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന കാട്ടുപന്നിയുടെ ആക്രമണം തടയാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ മുൻകൈയെടുക്കണമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻറ് പോളി കാരക്കട ആവശ്യപ്പെട്ടു. പ്രസിഡൻറും സംഘവും വേലായുധനെ ആശുപത്രിയിൽ സന്ദർശിച്ചു. രണ്ടാം വാർഡ് മെംബർ എൻ.ജെ. ആൻസമ്മ, ഏഴാം വാർഡ് മെംബർ സിമിലി ബിജു, പതിമൂന്നാം വാർഡ് മെംബർ സണ്ണി പുതിയകുന്നേൽ എന്നിവരും കൂടെയുണ്ടായിരുന്നു.
ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന കാട്ടുപന്നിയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചു ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.