പേരാമ്പ്ര: കാട്ടുപന്നികൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്നത് പതിവായതോടെ ജനം ഭയപ്പാടിൽ. കഴിഞ്ഞ ദിവസങ്ങളിൽ നൊച്ചാട് രാമല്ലൂരിലും മേപ്പയ്യൂർ കൂനം വെള്ളിക്കാവിലും കാട്ടുപന്നികളുടെ ആക്രമണത്തിൽ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.
കല്പത്തൂരിൽ വായനശാല എല്‍.പി സ്കൂള്‍ വിദ്യാർഥിയും നെല്ലിയുള്ള പറമ്പില്‍ ബിജു-അമൃത ദമ്പതികളുടെ മകനുമായ ആദിദേവിനാണ് (10) പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വീടിനു സമീപത്തെ മൈതാനത്ത് കളിക്കുന്നതിനിടെയാണ് പന്നി ആക്രമിച്ചത്.
ഫുട്ബാൾ കളിക്കുമ്പോൾ ആദിദേവ് ഗോളിയായിരുന്നു. പാഞ്ഞു വന്ന പന്നി കുട്ടിയുടെ പിറകിൽ കുത്തുകയായിരുന്നു. രണ്ടു ഭാഗത്തെ പൃഷ്ഠത്തിനും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. മറ്റു കുട്ടികൾ ഓടിരക്ഷപ്പെട്ടു. പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെ ദീര്‍ഘനാളത്തെ ചികിത്സ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി രക്ഷിതാക്കള്‍ പറഞ്ഞു.
കൂനം വെള്ളിക്കാവിൽ മാവുള്ള പറമ്പിൽ രതീഷിെൻറ മകൻ റോബിനാണ് (10) വീട്ടിൽനിന്ന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഒന്നര വയസ്സുള്ള ഇരട്ടക്കുട്ടികളുടെ അടുത്തേക്ക് പന്നി പാഞ്ഞുവരുന്നതു കണ്ട റോബിൻ പന്നിയെ നേരിട്ടപ്പോഴാണ് കാലിന് പരിക്കേറ്റത്.
റോബിെൻറ ധീരതയിൽ കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പെരുവണ്ണാമൂഴി- ചെമ്പനോട റൂട്ടിൽ ബൈക്ക് യാത്രികരെ ഉൾപ്പെടെ നിരവധി തവണ കാട്ടുപന്നി ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു.
നാട്ടിലും വീട്ടിലും വരെ കാട്ടുപന്നികളെത്തി ആക്രമണം നടത്തുന്നത് വലിയ ആശങ്കയോടെയാണ് ജനം കാണുന്നത്. ചക്കിട്ടപാറ, കൂരാച്ചുണ്ട്, നൊച്ചാട്, മേപ്പയൂർ, ചങ്ങരോത്ത്, കൂത്താളി, കായണ്ണ, കോട്ടൂർ പഞ്ചായത്തുകളിലെല്ലാം കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. നരയംകുളത്ത് വയലിൽ കൊയ്യാറായ നെല്ല് വ്യാപകമായി പന്നികൾ നശിപ്പിക്കുന്നുണ്ട്. മരച്ചീനി, ചേമ്പ്, ചേന, തെങ്ങിൻ തൈകൾ ഉൾപ്പെടെയുള്ള വിളകൾ കാട്ടുപന്നിക്കൂടം നശിപ്പിക്കുന്നുണ്ട്. ജീവനും സ്വത്തും കാട്ടുപന്നിക്കൂട്ടം കവരുന്ന അവസ്ഥയിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് നാട്ടുകാർ. പല സ്ഥലങ്ങളിലും രാപ്പകൽ വ്യത്യാസമില്ലാതെ കാട്ടുപന്നികൾ വിഹരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.