രാമനാട്ടുകര: പോക്സോ കേസിൽ ഇരയായ മകൾ ആത്മഹത്യ ചെയ്ത് ഒരുവർഷമായിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് നീതി ലഭിക്കുന്നില്ലെന്ന് അതിജീവിതയുടെ മാതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞവർഷം ജനുവരി 19ന് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 15കാരിയുടെ മാതാവാണ് ബുധനാഴ്ച ഫറോക്ക് അസി. പൊലീസ് കമീഷണർ ഓഫിസിനുമുന്നിൽ മാധ്യമങ്ങളോട് സംസാരിച്ചത്.
ആത്മഹത്യ നടന്ന ശേഷം വാദിയെ പ്രതിയാക്കുന്ന തരത്തിലായിരുന്നു പൊലീസിന്റെ പെരുമാറ്റം. കേസന്വേഷണത്തിന്റെ പേരുപറഞ്ഞ് പൊലീസ് യൂനിഫോമിൽ തന്നെ നാട്ടുകാരുടെ മുന്നിൽ വെച്ചായിരുന്നു ചോദ്യം ചെയ്തിരുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി കൊണ്ടുപോയിരുന്ന മൊബൈൽ ഫോണിനെ സംബന്ധിച്ചും വിവരം ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി, ഡി.ജി.പി, മനുഷ്യാവകാശ കമീഷൻ, ബാലാവകാശ കമീഷൻ എന്നിവർക്ക് നൽകിയ പരാതികളിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ടുകൾ ആവശ്യപ്പെട്ടും ഫറോക്ക് സി.ഐ ആയിരുന്ന അലവി എന്നിവർക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ടും ആവശ്യപ്പെട്ട് ഫറോക്ക് അസി. പൊലീസ് കമീഷണർക്ക് പരാതി നൽകി.
നിരവധി തവണ വിവരാവകാശ നിയമ പ്രകാരം റിപ്പോർട്ടുകൾ ആവശ്യപ്പെട്ടെങ്കിലും ഇരയുടെ പേര് വെളിപ്പെടുമെന്ന സാങ്കേതിക പ്രശ്നം പറഞ്ഞ് റിപ്പോർട്ട് നൽകിയില്ലെന്നും സഹപ്രവർത്തകനെ രക്ഷപ്പെടുത്താനുള്ള പൊലീസിന്റെ നീക്കമാണ് പിന്നിലെന്നും മാതാവിന്റെ കൂടെയുണ്ടായിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ പറഞ്ഞു.
ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ പലതവണ മനുഷ്യാവകാശ കമീഷൻ വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. കർശന നടപടിയെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ ഹാജരായതെന്നും നൗഷാദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.