കോഴിക്കോട്: സ്ഥാനമാനങ്ങൾ വളരുന്തോറും പിടിപെടാറുള്ള തെറ്റായ പ്രവണതകൾ ഇല്ലാതാക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എസ്.എഫ്.ഐ ജില്ല കമ്മറ്റി വിവിധ സർവകലാശാല യൂനിയൻ ഭാരവാഹികൾക്കും കോളജ് യൂനിയൻ ഭാരവാഹികൾക്കും നൽകിയ സ്വീകരണ യോഗം ‘ഇൻക്വിലാബ്’ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ഥാനങ്ങൾ ലഭിക്കുമ്പോൾ അത് സംഘടന ചുമതലപ്പെടുത്തിയതാണെന്ന ബോധമുണ്ടാവണം. സ്ഥാനങ്ങൾ സ്ഥായിയല്ല, അധികാരത്തിന്റെ ഭാഗമായി അറിയാതെ വന്നുപോവുന്ന തെറ്റായ രീതികൾക്കെതിരെ മനസ്സിൽ ഓരോ ദിവസവും ശക്തമായ പോരാട്ടം നടത്തണം.
ചരിത്രത്തെ എത്രവളച്ചൊടിച്ചാലും മഹാത്മഗാന്ധിയെ കൊലപ്പെടുത്തിയത് ആരെന്ന കാര്യം മറച്ചുവെക്കാൻ കഴിയില്ലെന്ന കാര്യം സംഘ്പരിവാർ മറക്കരുത്. അവരുയർത്തുന്ന വിഷലിപ്തമായ പ്രചാരണം ജനങ്ങൾ തള്ളിക്കളയും. മുഗൾഭരണകാലത്ത് ബഹുസ്വരത ഉയർത്തിപ്പിടിച്ചതായി കാണാം.
ഭഗവത് ഗീതയിലെ ശ്ലോകങ്ങളും ഉപനിഷത്തുകളും പേർഷ്യൻ ഭാഷയിലേക്ക് തർജമ ചെയ്തത് മുഗൾ ചക്രവർത്തിമാരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, പി.സി. ഷൈജു, ജാൻവി എന്നിവർ സംസാരിച്ചു. പി. താജുദ്ദീൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.