കോഴിക്കോട്: അനധികൃതമായി കോഴിവില വർധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയിലെ ചിക്കന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഈ മാസം 23 മുതല്‍ അനിശ്ചിത കാലത്തേക്ക് കോഴിക്കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കന്‍ വ്യാപാരി സമിതി അറിയിച്ചു.
ചൂട് കാരണം കോഴിയുടെ ഉൽപാദനം കുറഞ്ഞെന്ന കാരണം പറഞ്ഞാണ് കോഴിയിറച്ചി വില വർധിപ്പിക്കുന്നത്. അന്തർസംസ്ഥാന ലോബിക്കൊപ്പം കേരളത്തിലെ ആഭ്യന്തര ഉൽപാദകരും കോഴിയിറച്ചി വില അനിയന്ത്രിതമായ രീതിയിൽ വർധിപ്പിക്കുന്നുവെന്നാണ് ആരോപണം.
കോഴി കര്‍ഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനദണ്ഡവും പാലിക്കാതെയാണ് കോഴിയുടെ വില വര്‍ധിപ്പിക്കുന്നത്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഫലമുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. റമദാന്, ഈസ്റ്റര്‍, വിഷു കാലങ്ങളിൽ കുത്തക മാഫിയ വലിയ കൊള്ളയാണ് നടത്തിയത്.
ഈ പ്രവണത ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ചിക്കന്‍ വ്യാപാരി സമിതി കോഴിക്കോട് ജില്ല സെക്രട്ടറി മുസ്തഫ കിണാശ്ശേരി പറഞ്ഞു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കണ്വെന്ഷന് വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡന്റ് സൂര്യ അബ്ദുല്‍ ഗഫൂര്‍ കോഴിക്കോട് വ്യാപാരി വ്യവസായി സമിതി ഓഫിസിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോഴിയിറച്ചി വിൽക്കുന്ന ജില്ലയാണ് കോഴിക്കോട്.
തമിഴ്നാട്ടിലെ നാമക്കലാണ് കോഴി കൃഷിയുടെ കേന്ദ്രം. കേരളത്തില്‍ കോഴി ഫാമുകളുടെ എണ്ണം കൂടിയതോടെ തമിഴ്നാട്ടില്‍ നിന്നുള്ള വരവിനെ പൂര്‍ണമായി ആശ്രയിക്കേണ്ട അവസ്ഥ കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇതൊന്നും വില കുറയാൻ കാരണമായിട്ടില്ല. മലപ്പുറം ജില്ലയിലും താമരശേരി, മുക്കം, കൂടരഞ്ഞി തുടങ്ങിയ ഇടങ്ങളിലും കോഴികളെ വളർത്തുന്ന ഫാമുകളുണ്ടെങ്കിലും ഇതരസംസ്ഥാന ലോബികളേക്കാൾ കൂടുതൽ ലാഭമാണ് ഇവർ ഈടാക്കുന്നതെന്നാണ് ആരോപണം.
280 രൂപയാണ് ഇപ്പോൾ ഒരു കിലോ കോഴിയിറച്ചിക്ക് ഈടാക്കുന്നത്. വില റോക്കറ്റ് കണക്കേ ഉയര്‍ന്നതോടെ ഹോട്ടല്‍ ഭക്ഷണത്തില്‍ ചിക്കന്‍ വിഭവങ്ങള്‍ കുറഞ്ഞിട്ടുണ്ട്. രാത്രികളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ചിക്കനു പകരം കാടക്കോഴിയിലേക്ക് മെനു മാറ്റിയിട്ടുണ്ട്.
വിഷു, റമദാൻ എന്നിവയോടനുബന്ധിച്ച് വില കൂട്ടിയ മൊത്തക്കച്ചവടക്കാർ ഉത്സവ സീസൺ കഴിഞ്ഞാൽ കുറക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതുവരെ വില കുറക്കാൻ തയാറാകാത്തതിനാലാണ് സമരത്തിന് ഒരുങ്ങുന്നതെന്ന് ചിക്കൻ വ്യാപാരി സമിതി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.