തിരുവമ്പാടി: വയനാട് ലോക്‌സഭ ഉപതെരഞ്ഞടുപ്പിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് കരുത്ത് വർധിപ്പിച്ചു. പോളിങ് ശതമാനം ഗണ്യമായി കുറഞ്ഞത് യു.ഡി.എഫിനെ ബാധിച്ചില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷത്തേക്കാൾ 3742 വോട്ട് പ്രിയങ്ക ഗാന്ധി അധികം നേടി.
50, 298 വോട്ടാണ് പ്രിയങ്കയുടെ ഭൂരിപക്ഷം. പ്രിയങ്ക മണ്ഡലത്തിൽ 79919 വോട്ടാണ് ആകെ നേടിയത്. എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് 29,621 വോട്ടാണ് നേടാനായത്. എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസ് 11992 വോട്ട് നേടി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥി ആനി രാജ 36, 663 വോട്ട് നേടിയിരുന്നു. ഈ പ്രകടനം നിലനിർത്താൻ സത്യൻ മൊകേരിക്ക് കഴിഞ്ഞില്ല. ആനി രാജയേക്കാൾ 7042 വോട്ടാണ് സത്യൻ മൊകേരിക്ക് കുറഞ്ഞത്. ഇത്തവണ എൻ.ഡി.എ സ്ഥാനാർഥിക്കും 1382 വോട്ടിന്റെ കുറവുണ്ടായി.
കഴിഞ്ഞ തവണ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രൻ 13374 വോട്ട് തിരുവമ്പാടിയിൽ നേടിയിരുന്നു. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവമ്പാടിയിലെ യു.ഡി.എഫ് സ്ഥാനാർഥിയെ ഇടത് സ്ഥാനാർഥി ലിന്റോ ജോസഫ് പരാജയപ്പെടുത്തിയത് 4, 643 വോട്ടിനായിരുന്നു. ലോക്സഭ ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ നിയോജക മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്തുകളായ കൊടിയത്തൂർ, കാരശ്ശേരി, കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി എന്നിവയിലും ഏക നഗരസഭയായ മുക്കത്തും യു.ഡി.എഫിന് മികച്ച ലീഡുണ്ട്. പത്ത് മാസത്തിനകം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നതാണ് ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് ഫലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.