വന്ധ്യംകരിച്ച പട്ടി പ്രസവിച്ചെന്ന രീതിയിൽ മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റാണെന്ന് കോർപറേഷൻ. പട്ടി വന്ധ്യംകരിക്കപ്പെട്ടതല്ലെന്ന് തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഷാജിയുടേയും എ.ബി.സി വെറ്ററിനറി ഡോക്ടർ വി.എസ് ശ്രീഷ്മയുടേയും നേതൃത്വത്തിലാണ് പൂളക്കടവ് എ.ബി.സി സെന്ററില്‍ പരിശോധന നടത്തിയത്. പരിശോധനയിൽ വന്ധ്യംകരിച്ച പട്ടിയല്ല പ്രസവിച്ചതെന്ന് കണ്ടെത്തി.
തിങ്കളാഴ്ച രാവിലെയാണ് പട്ടിയെ പരിശോധിച്ചത്. വന്ധ്യംകരണ ശസ്ത്രക്രിയയിൽ സാധാരണയായി പട്ടിയുടെ ഗർഭപാത്രവും ഓവറിയും നീക്കംചെയ്യും. അതിനാൽ ശസ്ത്രക്രിയ പരാജയപ്പെട്ടതുകൊണ്ട് പട്ടി പ്രസവിച്ചുവെന്ന വാദംതന്നെ അപ്രസക്തമാണ്. ശസ്ത്രക്രിയക്ക് ശേഷം ഏകദേശം മൂന്നു സെന്റിമീറ്ററോളം നീളത്തിൽ മുറിവും അതുണങ്ങിയ പാടുമുണ്ടാകാറുണ്ട്.
പരിശോധനയില്‍ പട്ടിയുടെ വയറില്‍ ഓവറി നീക്കംചെയ്ത അടയാളമില്ലെന്ന് കണ്ടെത്തി. കാള പെറ്റെന്ന് കേട്ട് കയറെടുക്കരുതെന്നും മേയർ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. വന്ധ്യംകരിച്ച പട്ടികളുടെ ചെവിക്ക് മുകളില്‍ 'V' ആകൃതിയിലാണ് അടയാളം രേഖപ്പെടുത്താറുള്ളത്. എന്നാല്‍ ഈ പട്ടിയുടെ ചെവിയുടെ താഴെയാണ് മുറിഞ്ഞതായി കാണുന്നത്. ഇത് എവിടെയോ തട്ടി മുറിഞ്ഞുപോയതാകാം. വന്ധ്യംകരിച്ച പട്ടികളിൽ കാണുന്നതുപോലുള്ള ആഴത്തിലുള്ള മുറിവല്ല ഇതെന്നും ഡോക്ടർ ശ്രീഷ്മ പറഞ്ഞു.
പട്ടിയും കുട്ടികളും എ.ബി.സി സെന്ററിലാണ് ഇപ്പോഴുള്ളത്. ചൊവ്വാഴ്ച പട്ടിയെ വന്ധ്യംകരിക്കും. മൂന്നു ദിവസത്തിനു ശേഷം വിട്ടയക്കുകയുംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.