കോഴിക്കോട്: നഗരത്തിൽ ഏറ്റവുമധികം ആരാധകരുള്ള ഗായകൻ മുഹമ്മദ് റഫിയുടെ പേരിലുള്ള സ്മാരകത്തിന്റെ നിർമാണം ഇനിയും തുടങ്ങാനായില്ല. എല്ലാ ജന്മദിനത്തിലും ചരമദിനത്തിലും നഗരത്തിൽ വിവിധ സംഘടനകൾ റഫി നൈറ്റുകളും അനുസ്മരണങ്ങളും നടത്തുമ്പോൾ സ്മാരകത്തെപ്പറ്റി പറയാറുണ്ടെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും യാഥാർഥ്യമാക്കാനായില്ല.
റഫി സ്മാരകത്തിനായി കോർപറേഷൻ സ്ഥലം വിട്ടുനൽകിയിട്ടും നിർമാണ പ്രവർത്തനങ്ങൾ നീണ്ടുപോയി. റഫിക്ക് ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ആരാധകരുള്ള നഗരങ്ങളിലൊന്നായ കോഴിക്കോട്ട് അദ്ദേഹത്തിന്റെ പേരിൽ മ്യൂസിയം നിർമാണമാണ് തുടങ്ങാനാവാത്തത്.
മുഹമ്മദ് റഫി ഗാർഡനും മ്യൂസിയവും പണിയാനുള്ള തറക്കല്ലിട്ടിട്ട് രണ്ടു കൊല്ലം പൂർത്തിയാവുകയാണ്. അരബിന്ദ ഘോഷ് റോഡിൽ മ്യൂസിയത്തിന് അന്നത്തെ മേയർ തോട്ടത്തിൽ രവീന്ദ്രനാണ് തറക്കല്ലിട്ടത്. പണ്ട് കോർപറേഷൻ മാലിന്യ സംഭരണ കേന്ദ്രമായിരുന്ന 3.6 സെന്റ് സ്ഥലത്താണ് മ്യൂസിയം ഒരുങ്ങുക.
മുഹമ്മദ് റഫി ഫൗണ്ടേഷനാണ് നിർമാണത്തിന്റെ ചുമതല. സ്ഥലത്തുണ്ടായിരുന്ന നാലു വലിയ മരങ്ങൾ മുറിക്കാനുള്ള സങ്കേതിക പ്രശ്നങ്ങളാണ് പണി നീളാൻ കാരണമായി പറയുന്നത്. കോർപറേഷൻ സ്ഥലത്ത് തനിയെ വളർന്നു പന്തലിച്ച ഈ മരങ്ങൾ മുറിച്ചുമാറ്റാനായിട്ടുണ്ട്. മരം മുറിച്ചുനീക്കിയാലേ എന്തെങ്കിലും ചെയ്യാനാവൂവെന്ന സ്ഥിതി വന്നപ്പോഴാണ് നിർമാണംതന്നെ നീണ്ടത്.
ഇവിടെയുള്ള മാലിന്യങ്ങൾ റഫി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മാറ്റിയിരുന്നു. നിറയെ കാടുപിടിച്ചതിനാൽ പഴയ സാധനങ്ങളും മറ്റും കൊണ്ടിടുന്നുണ്ട്. മാലിന്യം നിക്ഷേപിച്ചതിനെതിരെ മുമ്പ് കോർപറേഷൻ ബോർഡ് സ്ഥാപിച്ചെങ്കിലും അപ്രത്യക്ഷമായി. മരങ്ങൾ നീക്കാൻ വിവിധ വകുപ്പുകളുടെ അനുമതി തേടേണ്ടിവന്നു.
മരങ്ങൾ മുറിച്ചുമാറ്റാൻ നഗരസഭ കൗൺസിൽ റഫി ഫൗണ്ടേഷന് അനുമതി നൽകിയിരുന്നുവെങ്കിലും മറ്റു കാര്യങ്ങൾ നീണ്ടുപോയി. അഖിലേന്ത്യ റഫി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഓർമയുണർത്തുന്ന സാധനങ്ങളും മുഴുവൻ ഗാനങ്ങളും മറ്റും മ്യൂസിയത്തിൽ ഒരുക്കണമെന്നാണ് ഉദ്ദേശ്യം. റഫിയുടെ ജനനം മുതൽ അവസാനം വരെയുള്ള സംഭവങ്ങളും പ്രദർശിപ്പിക്കും.
ആംഫി തിയറ്റർ, കോൺഫറൻസ് ഹാൾ തുടങ്ങിയവയെല്ലാം ലഭ്യമായ സ്ഥലത്ത് ഉൾക്കൊള്ളിക്കാനാണ് തീരുമാനം. കസ്റ്റംസ് റോഡിനും വെള്ളയിലിനുമിടയിൽ 640 മീറ്ററോളം ദൂരമുള്ള പാത 165 ലക്ഷം രൂപ ചെലവിൽ മുഹമ്മദ് റഫിയുടെ പേരിൽ നവീകരിച്ചതിന്റെ ഉദ്ഘാടനം ഈയിടെ കഴിഞ്ഞിരുന്നു.
റഫി സ്മാരകത്തിനുള്ള സാങ്കേതിക പ്രശ്നങ്ങൾ ഒഴിവായെന്നും അടുത്ത ദിവസംതന്നെ സ്മാരക ഭൂമിയിൽ ചുറ്റുമതിൽ നിർമാണം ആരംഭിക്കുമെന്നും റഫി ഫൗണ്ടേഷന്റെ മ്യൂസിയം കമ്മിറ്റി ചെയർമാൻ കെ.വി. സക്കീർ ഹുസൈൻ, ജനറൽ കൺവീനർ കെ. സുബൈർ എന്നിവർ അറിയിച്ചു. ഹാർമോണിയത്തിന്റെ മാതൃകയിലുള്ള കെട്ടിടം നിർമിക്കാനാണ് പദ്ധതി.
28ന് മുഹമ്മദ് റഫിയുടെ കുടുംബാംഗങ്ങൾ കോഴിക്കോട്ടെത്തും. അന്ന് വൈകീട്ട് ആറു മുതൽ 10 വരെ ടാഗോർ ഹാളിൽ മകസേ (മലബാർ കൾചറൽ ആൻഡ് സോഷ്യൽ അസോസിയേഷൻ) ആഭിമുഖ്യത്തിലുള്ള ‘റഫി സംഗീതനിശ റഫിയുടെ കുടുംബത്തോടൊപ്പം’ എന്ന പരിപാടിയിലാണ് കുടുംബമെത്തുകയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
റഫിയുടെ കൊച്ചുമകൾ തസ്നീം അഹമ്മദും ഭർത്താവ് ഫിറോസ് അഹമ്മദുമാണ് എത്തുക. ഗായകരായ സതീഷ് ബാബു, അഫ്സൽ, ജൂഡിത്ത്, ബിയ ജയൻ, ശംസുദ്ദീൻ കൊയപ്പത്തൊടി, ഡോ. അനു ദേവാനന്ദ്, ജബ്ബാർ മാളികപ്പുരയിൽ, റിയാസ് കോഴിക്കോട്, ഫാറൂഖ് തലശ്ശേരി എന്നിവരും പങ്കെടുക്കും.
മച്ചാട്ട് വാസന്തി, റംല ബീഗം എന്നിവർക്കൊപ്പം ഗിത്താർ മാന്ത്രികൻ ജോയി വിൻസെന്റിന് വേണ്ടി അദ്ദേഹത്തിന്റെ സഹധർമിണി ഇന്ദിരയും പ്രശംസാപത്രവും കാഷ് അവാർഡും ഏറ്റുവാങ്ങും. ഗായകൻ സതീഷ് ബാബുവിനെ ചടങ്ങിൽ ആദരിക്കും. മകസേ പ്രസിഡന്റ് ടി.പി.എം. ഫസൽ, പി.പി. മുഹമ്മദ് അലി, പി.എസ്. ഫിറോസ്, ഗോകുൽ ദാസ്, മധു കൃഷ്ണൻ, റസാഖ് തെക്കേപ്പുറം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.