കോഴിക്കോട്: വേനൽമഴ എത്തിയതോടെ ജില്ലയിൽ പനിബാധിതരുടെ എണ്ണവും വർധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 4232 പേർ പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഇക്കാലയളവിൽ 80 പേർക്ക് ഡെങ്കിപ്പനിയും 62 പേർക്ക് മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ, ഷിഗല്ലയും മലേറിയയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ദിനംപ്രതി പനി ബാധിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. വൈറൽ പനിയുമായാണ് കൂടുതൽ പേരും ആശുപത്രിയിലെത്തുന്നത്. എഴുനൂറോളം പേർ എല്ലാ ദിവസവും പനിബാധിതരായി എത്തുന്നുവെന്നാണ് കണക്ക്. സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണം ഇതിലും കൂടും. പനിബാധിതരുടെ എണ്ണം വർധിച്ചതോടെ ആശുപത്രികളിൽ വാർഡുകളും നിറഞ്ഞിരിക്കുകയാണ്.
രണ്ടാഴ്ച മുമ്പ് 400ൽതാഴെ പേരായിരുന്നു പനി ബാധിതരായി സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. മഴ തുടങ്ങിയതോടെ ഇത് വർധിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സക്കെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി, മഞ്ഞപ്പിത്തം ബാധിതരുടെ എണ്ണം ഇത്തവണ വളരെ കൂടുതലാണ്.
ചൊവ്വാഴ്ച കൊയിലാണ്ടി തീക്കുനിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ മരിച്ചു. കോർപറേഷൻ പരിധിയിലാണ് മലേറിയ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോട്ടൂരിലാണ് ഷിഗല്ല ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. വയറിളക്ക രോഗവും വ്യാപമാക്കുന്നതായി ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
മഴ ശക്തമാകുന്നതോടെ പകർച്ച വ്യാധികളും കുതിച്ചുയരുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ വിലയിരുത്തൽ. മലിനജലത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തം, ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ പരത്തുന്ന ഡെങ്കിപ്പനി എന്നിവ മഴ ശക്തമാകുന്നതോടെ വർധിക്കാനിടയുണ്ട്. പനിയോ മറ്റു അസുഖങ്ങളോ പിടിപെട്ടാൽ സ്വയം ചികിത്സക്ക് മുതിരരുതെന്നും ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണമെന്നും ഡോക്ടർമാർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.