കൊയിലാണ്ടി: സംസ്ഥാന ബജറ്റിൽ മണ്ഡലത്തിൽ നാലു പദ്ധതികൾക്ക് 10 കോടി. കൊയിലാണ്ടി നഗരസഭയിലും പയ്യോളി നഗരസഭയിലും പുതിയ വാതക ശ്മശാനം നിർമിക്കാൻ രണ്ടു കോടി വീതം, കൊയിലാണ്ടി പൊലീസ് സ്റ്റേഷനു കെട്ടിടം നിര്‍മിക്കാൻ മൂന്നു കോടി, പയ്യോളി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിനു കെട്ടിടം നിര്‍മിക്കാൻ മൂന്നു കോടി എന്നിങ്ങനെ അനുവദിച്ചു.
16 പ്രവൃത്തികൾക്ക് ടോക്കൺ തുകയും അനുവദിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം 2.50 കോടി, വെളിയന്നൂര്‍ ചെല്ലി സമഗ്ര നെല്‍കൃഷി വികസന പദ്ധതി 20 കോടി, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ മെമ്മോറിയല്‍ സൗത്ത് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ നിര്‍മാണം 10 കോടി, കാട്ടിലപ്പീടിക-കണ്ണങ്കടവ്-കപ്പക്കടവ് റോഡ് നവീകരണം നാലു കോടി, കൊയിലാണ്ടി നഗരസഭ-വലിയ മലയില്‍ വെറ്ററിനറി സര്‍വകലാശാലയുടെ ഉപകേന്ദ്രം സ്ഥാപിക്കൽ മൂന്നുകോടി, കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രി കെട്ടിടം നിർമാണം രണ്ടു കോടി എന്നിങ്ങനെ അനുവദിച്ചു.
പന്തലായനി കോട്ടക്കുന്നില്‍ കാലടി സര്‍വകലാശാലയുടെ ഭാഗമായി ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മികവിന്റെ കേന്ദ്രം സ്ഥാപിക്കല്‍ 10 കോടി, ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ കെട്ടിടം നിര്‍മാണം 3.50 കോടി, വന്മുഖം -കീഴൂര്‍ റോഡ് നവീകരണം നാലു കോടി, കാപ്പാട് -തുഷാരഗിരി അടിവാരം റോഡ് നവീകരണം (എസ്.എച്ച്68) അഞ്ചു കോടി എന്നിവയും അനുവദിച്ചു. കാപ്പാട് ടൂറിസം കേന്ദ്രം വികസനം രണ്ടുകോടി, കൊയിലാണ്ടി നെല്ല്യാടി പുഴയോരം ടൂറിസം പദ്ധതി രണ്ടു കോടി, കാപ്പാട്-കോട്ടക്കല്‍- ഇരിങ്ങൽ തീരദേശ ടൂറിസം കോറിഡോര്‍ പദ്ധതി 10 കോടി, കൊയിലാണ്ടി ഫയര്‍സ്റ്റേഷന്‍ കെട്ടിടം അഞ്ചുകോടി, കീഴൂര്‍ ഗവ.യു.പി സ്കൂള്‍ കെട്ടിടം നിര്‍മാണം മൂന്നു കോടി എന്നിവക്കും ടോക്കൺ തുക അനുവദിച്ചു.
ശ്മശാനങ്ങൾ, പൊലീസ് സ്റ്റേഷൻ കെട്ടിടം പ്രവൃത്തികളുടെ എസ്റ്റിമേറ്റുകൾ തയാറാക്കി ഭരണാനുമതിയടക്കമുള്ള കാര്യങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് കാനത്തിൽ ജമീല എം.എൽ.എ അറിയിച്ചു.
പേരാമ്പ്ര: പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡിന്റെ രണ്ടാംഘട്ട പ്രവൃത്തിക്ക് 10 കോടി ബജറ്റിൽ വകയിരുത്തി. മണ്ഡലത്തിൽ പൂർണമായി തുക വകയിരുത്തിയ ഏക പ്രവൃത്തിയാണിത്. മറ്റ് 17 പ്രവൃത്തികൾക്ക് ടോക്കൺ തുകയാണ് അനുവദിച്ചത്. പേരാമ്പ്ര പോളിടെക്നിക്, കൈതേരിമുക്ക് ടൂറിസം പ്രൊജക്ട്, ചക്കിട്ടപാറ കായിക കോംപ്ലക്സും നീന്തൽകുളവും വിയ്യഞ്ചിറ റഗുലേറ്റർ കം ബ്രിഡ്ജ്, ചേനായിക്കടവ് പാലം, കൊഴുക്കല്ലൂർ, മേപ്പയൂർ, പാലേരി, ചങ്ങരോത്ത് വില്ലേജ് ഓഫിസുകൾക്ക് കെട്ടിടം, ആവളപാണ്ടി കൃഷിയോഗ്യമാക്കൽ, പേരാമ്പ്ര ടൗണിൽ ഓപ്പൺ എയർ ഓഡിറ്റോറിയം, കൽപത്തൂർ - വെള്ളിയൂർ - കാപ്പുമ്മൽ റോഡ്, വെളിയന്നൂർ ചെല്ലി സമഗ്ര കാർഷിക വികസന പദ്ധതി, മേപ്പയൂർ-ചെറുവണ്ണൂർ-ആവള റോഡ്, പേരാമ്പ്ര മൾട്ടിലെയർ കാർ പാർക്കിങ്, പേരാമ്പ്ര മുൻസിഫ് മജിസ്ട്രേറ്റ് കെട്ടിടം, ചങ്ങരോത്ത് വ്യവസായ പാർക്ക്, കരുവോട്-കണ്ടംചിറ കൃഷിയോഗ്യമാക്കൽ എന്നിവക്കാണ് ടോക്കൺ തുക മാത്രം വകയിരുത്തിയത്. ചെമ്പ്ര റോഡിന് പേരാമ്പ്ര മുതൽ പാണ്ടിക്കോട് വരെ നവീകരണത്തിന് നേരേത്ത തുക വകയിരുത്തി പ്രവൃത്തി തുടങ്ങിയിരുന്നു. എന്നാൽ, കരാറുകാരുടെ അനാസ്ഥ കാരണം വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ സാധിച്ചില്ല. ആദ്യ കരാറുകാരനെ മാറ്റി പുതിയ ആളെ കൊണ്ടുവന്നെങ്കിലും ആ കരാറുകാരനും പ്രവൃത്തി തുടങ്ങാൻ കഴിഞ്ഞില്ല. ഇപ്പോൾ മൂന്നാമതും ടെൻഡർ വിളിച്ചിരിക്കുകയാണ്.
ബാലുശ്ശേരി: മണ്ഡലത്തിൽ 10 കോടിയുടെ വികസനപ്രവർത്തനങ്ങൾക്ക് ബജറ്റിൽ തുക വകയിരുത്തി. കൂട്ടാലിട അങ്ങാടി സൗന്ദര്യവത്കരണത്തിന് ഒരു കോടി രൂപയാണ് വകയിരുത്തിയത്. പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കാൻ രണ്ടു കോടി അനുവദിച്ചു.
എകരൂൽ-കാക്കൂർ റോഡ് ആധുനിക രീതിയിൽ ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിക്കാൻ മൂന്നു കോടി ആദ്യഘട്ടമായി അനുവദിച്ചിട്ടുണ്ട്.
പത്തോളം പൊതുമരാമത്ത് റോഡുകൾക്കും കരുവാറ്റക്കടവ് പാലത്തിനും ടോക്കൺ തുക ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. എയിംസ് സാധ്യത പരിഗണിച്ച് മണ്ഡലത്തിലെ എല്ലാ റോഡുകളും നവീകരിക്കാൻ പ്രത്യേക പദ്ധതി തയാറാക്കിവരുകയാണ്.
നടുവണ്ണൂർ-വാകയാട്-മഞ്ഞപ്പാലം-വട്ടോളി ബസാർ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വീതി വർധിപ്പിച്ച് ഒരു ബൈപാസ് റോഡാക്കി മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് അഡ്വ. സച്ചിൻ ദേവ് എം.എൽ.എ അറിയിച്ചു.
കൊടുവള്ളി: കൊടുവള്ളി നിയോജകമണ്ഡലത്തില്‍ 62 കോടിയുടെ വിവിധ പദ്ധതികൾക്ക് തുക വകയിരുത്തി. താമരശ്ശേരി പഞ്ചായത്തിലെ ഇരുതുള്ളി പുഴക്ക് സമീപത്തും, കൊടുവള്ളി നഗരസഭയിലെ മോഡേണ്‍ ബസാറിലും വിനോദ വിജ്ഞാന പാര്‍ക്കും, മടവൂരിൽ സ്റ്റേഡിയം നിർമാണത്തിനും സംസ്ഥാന സർക്കാറിന്റെ ബജറ്റിൽ തുക വകയിരുത്തിയതായി ഡോ.എം.കെ. മുനീര്‍ എം.എല്‍.എ അറിയിച്ചു.
കൊടുവള്ളി നഗരസഭക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിനും, താമരശ്ശേരി, കൊടുവള്ളി പൊലീസ് സ്റ്റേഷനുകളുടെ നവീകരണത്തിനും തുക വകയിരുത്തി. കട്ടിപ്പാറ പഞ്ചായത്തിലെ വ്യവസായ പാർക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും തുക വകയിരുത്തിയിട്ടുണ്ട്. മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് പുതുതായി തുക അനുവദിക്കുകയും വിവിധ പദ്ധതികള്‍ക്ക് ബജറ്റിലൂടെ ഭരണാനുമതി ലഭ്യമാക്കുകയും ചെയ്തു.
നെല്ലാങ്കണ്ടി എളേറ്റില്‍ വട്ടോളി റോഡ്, പുല്ലാഞ്ഞിമേട് കോളിക്കൽ ബി.വി. അബ്ദുല്ല കോയ മെമ്മോറിയൽ റോഡ്, പുല്ലാളൂർ പൈമ്പാലുശ്ശേരി റോഡ്, കോരങ്ങാട് ചമൽ കന്നൂട്ടിപ്പാറ റോഡ്, നടമ്മൽകടവ് പാമ്പങ്ങൽ റോഡ്, കാപ്പാട് തുഷാരഗിരി അടിവാരം റോഡ്, പാലത്ത് പാലൊളിത്താഴം റോഡ്, ഓമശ്ശേരി കോടഞ്ചേരി റോഡ്, വനം വകുപ്പിലെ താമരശ്ശേരി റേഞ്ചിലെ ജീവനക്കാരുടെ ക്വാട്ടേഴ്സിലേക്കും റേഞ്ച് ഓഫിസിലേക്കുമുള്ള റോഡ് കോൺക്രീറ്റ്, നരിക്കുനി ഗവ. ആയുർവേദ ആശുപത്രി കെട്ടിട നിർമാണം, കൊടുവള്ളി നഗരസഭ സമ്പൂർണ കുടിവെള്ള പദ്ധതി തുടങ്ങിയ പ്രവൃത്തികൾക്കാണ് ബജറ്റിൽ തുക വകയിരുത്തിയത്.
മുക്കം: സംസ്ഥാന ബജറ്റിൽ തിരുവമ്പാടി മണ്ഡലത്തിൽ പാലങ്ങൾ, റോഡുകൾ, വിനോദ സഞ്ചാര മേഖലകളിലുമുൾപ്പെടെ 153 കോടി രൂപയുടെ വികസന പദ്ധതികൾ. നിലവിൽ സംസ്ഥാന പാതയുടെ നവീകരണവുമായി ബന്ധപ്പെട്ട പദ്ധതികളിൽ ഉൾപ്പെടാതെ പോയതിൽ ഏറെ വിമർശനമുയർന്ന മുക്കം, അഗസ്ത്യൻ മുഴി പാലങ്ങളുടെ പുനർനിർമാണത്തിന് ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
മുക്കം പാലത്തിന് 15 കോടിയും, അഗസ്ത്യൻ മുഴി പാലത്തിന് നാലു കോടിയുമാണ് ബജറ്റിലുള്ളത്.
ഇതിനു പുറമെ, പെരുമ്പൂള-നായാടംപൊയിൽ റോഡ് - 10 കോടി, കണ്ടപ്പൻചാൽ-മുണ്ടൂർ-നെല്ലിപ്പൊയിൽ റോഡ് -15 കോടി, തിരുവമ്പാടി ബൈപാസ്-20 കോടി, ഓമശ്ശേരി -കോടഞ്ചേരി റോഡ് -15 കോടി, ചിപ്പിലിത്തോട്-മരുതിലാവ്‌റോഡ്-മേലേമരുതിലാവ്-10 കോടി, ഈങ്ങാപ്പുഴ-കാക്കവയൽ റോഡ്-5 കോടി, താഴെ കൂടരഞ്ഞി-തേക്കുംകുറ്റി റോഡ്-5 കോടി, മുക്കം സി.എച്ച്.സി കെട്ടിടം-10 കോടി,കോടഞ്ചേരി പൊലീസ് സ്‌റ്റേഷൻ-4 കോടി, തിരുവമ്പാടി ടൗൺ പരിഷ്‌കരണം-4 കോടി,മുക്കം-കുറ്റിപ്പാല-മാമ്പറ്റ ബൈപാസ്-5 കോടി, മുക്കം മിനി സിവിൽസ്‌റ്റേഷൻ കെട്ടിടം രണ്ടാം നില നിർമാണം-2 കോടി,കോട്ടമുഴി പാലം-2 കോടി, കണ്ടപ്പൻചാൽ-മറിപ്പുഴ റോഡ്-5 കോടി, വയനാട് ചുരം ഹാങ്ങിങ് പ്ലാറ്റ് ഫോം - 2 കോടി, കക്കാടംപൊയിൽ ടൂറിസം വില്ലേജ് ആൻഡ് ഫ്ലവർ വാലി - 5 കോടി, അമ്പായത്തോട്-ഈരൂട്-കോടഞ്ചേരി റോഡും ഈരൂട് പാലവും- 15 കോടി എന്നീ പ്രവൃത്തികൾക്കാണ് ടോക്കൺ പ്രൊവിഷനായി ബജറ്റിൽ തുക ഉൾപ്പെടുത്തിയിട്ടുള്ളത്.
ബജറ്റ് പ്രസംഗത്തിൽ പൊതുവായി നിർദേശിച്ച കോളജുകളും ഐ.ടി.ഐ കേന്ദ്രീകരിച്ച് സ്‌കിൽ കോഴ്‌സ്, ഉൽപാദന കേന്ദ്രം, മൂല്യവർധിത കാർഷിക മിഷൻ,അഗ്രി-ടെക് ഫെസിലിറ്റി കേന്ദ്രം,മിനി ഫുഡ്പാർക്ക്, കാർഷികോൽപന്ന സംഭരണത്തിന് കോൾഡ് ചെയിൻ ഫെസിലിറ്റി, സ്വകാര്യ വ്യവസായപാർക്ക്, ബയോ ഡൈവേഴ്‌സിറ്റി ടൂറിസം സർക്യൂട്ട്, ടൂറിസം ഹബ് (25 എണ്ണത്തിൽ ഒന്ന്),ഗ്രാമീണ ടൂറിസം-ഒരു പഞ്ചായത്തിൽ ഒരു ഡെസ്റ്റിനേഷൻ, സഞ്ചരിക്കുന്ന റേഷൻ കട, ഹരിത കാമ്പസ് (സോളാർ,മാലിന്യസംസ്‌കരണം,പച്ചക്കറി,പുഷ്പ കൃഷി),കോളജ് ഹോസ്റ്റൽ, ഓരോ പഞ്ചായത്തിലും ഓരോ കളിസ്ഥലം, സ്മാർട്ട് വില്ലേജ് ഓഫിസ്,പ്രളയം ബാധിച്ച പാലങ്ങളുടെ പുനർനിർമാണം തുടങ്ങിയ പദ്ധതികളും മണ്ഡലത്തിൽ നടപ്പാക്കുന്നവയാണെന്ന് ലിന്‍റോ ജോസഫ് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.