എ​സ്റ്റേ​റ്റ് മു​ക്ക് - ക​ക്ക​യം റോ​ഡി​ൽ ശാ​ന്തി​ന​ഗ​ർ ഭാ​ഗ​ത്ത് ക​ലു​ങ്ക് നി​ർ​മി​ക്കാ​ൻ കീ​റി​യ ഭാത്തുകൂടി പോകുന്ന

സ്വ​കാ​ര്യ ബ​സ്

എസ്റ്റേറ്റ് മുക്ക്-തലയാട്-കക്കയം റോഡ് മുഴുവൻ പൊളിച്ചു; ഓട്ടം നിർത്തുമെന്ന് ബസുടമകൾ

എകരൂൽ: എസ്റ്റേറ്റ് മുക്ക് - തലയാട് - കക്കയം റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം ഇഴഞ്ഞുനീങ്ങുന്നത് ബസ് സർവിസ് പ്രതിസന്ധിയിലാക്കുന്നു. എസ്റ്റേറ്റ്മുക്ക് മുതൽ തലയാട് വരെ കലുങ്ക് നിർമിക്കാൻ പത്തോളം സ്ഥലങ്ങളിലാണ് റോഡിന്റെ മുക്കാൽ ഭാഗത്തോളം പൊളിച്ചുമാറ്റി വലിയ കുഴിയെടുത്തത്.

റോഡിന്റെ വശങ്ങളിൽ സംരക്ഷണ ഭിത്തി, കലുങ്ക്, ഓടകള്‍ എന്നിവയുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. റോഡിന്റെ പല ഭാഗങ്ങളിലും കുഴിയായതോടെ വാഹനങ്ങള്‍ സ്ഥിരമായി അപകടത്തില്‍പെടുകയും തകരാറിലാവുകയും ചെയ്യുന്നതായി ബസുടമകൾ പറയുന്നു.

അതിനാൽ ഈ മാസം ഏഴു മുതൽ ഈ വഴിയുള്ള സ്വകാര്യ ബസുകൾ ഓട്ടം നിർത്തിവെക്കുകയാണെന്ന് ബസ് ഓപറേറ്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

റോഡിന്റെ ഒരുവശം പകുതിയിലധികവും കുഴിയെടുത്തിട്ടുണ്ട്. പല ഭാഗങ്ങളിലും ഒരു വശത്തുകൂടി മാത്രം വാഹനങ്ങള്‍ കടത്തിവിടുന്നതിനാല്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ശാന്തിനഗർ ഭാഗത്ത് റോഡിന്റെ മുക്കാൽ ഭാഗവും പഴയ ടാറിങ് പൂർണമായും ഇളക്കിമാറ്റിയാണ് കുഴിയെടുത്തത്. വീതികുറഞ്ഞ ഇവിടെ ഒരു ഭാഗത്ത് വൈദ്യുതി തൂണും മറുഭാഗത്ത് കുഴിയുമാണ്.

ഇതു ശ്രദ്ധയില്‍പെടാതെ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപെടാൻ സാധ്യത ഏറെയാണ്. ഇടുങ്ങിയ ഭാഗത്തുകൂടെ പോകുമ്പോൾ ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ വൈദ്യുതി തൂണിൽ തട്ടും. വാഹനം അടുത്തെത്തുമ്പോൾ മാത്രമാണ് ഇവിടെ വലിയ കട്ടിങ് ഉണ്ടെന്നു മനസ്സിലാകുന്നത്.

റോഡിലെ കലുങ്ക് നിർമാണം നടക്കുന്ന ഭാഗങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ സംവിധാനമില്ല. അതിനാൽ രാവിലെയും വൈകീട്ടും രൂക്ഷമായ ഗതാഗതക്കുരുക്കാണ്. മിക്കദിവസങ്ങളിലും ഇവിടം വാഹനങ്ങൾക്ക് ഏറെ സമയം കാത്തുകിടക്കേണ്ടി വരുന്നതായും ബസുടമകൾ പറയുന്നു.

Tags:    
News Summary - road was demolished-Bus owners will stop running

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.