കോഴിക്കോട്: കാർ യാത്രക്കാരായ യുവതിയെയും കുടുംബത്തെയും മർദിച്ച കേസിൽ പൊലീസ് എസ്.ഐ വി.കെ. വിനോദിന് രണ്ടാമത്തെ സസ്പെൻഷൻ. നന്മണ്ട- കൊളത്തൂർ പാതയിൽ ശനിയാഴ്ച അർധരാത്രി അത്തോളി കോളിയോട്ടുതാഴെ സാദിഖ് നിവാസിൽ അഫ്ന അബ്ദുൽ നാഫി(30)യെയും കുടുംബത്തെയും മർദിച്ച കേസിൽ സസ്പെൻഷനിലായ നടക്കാവ് എസ്.ഐ വി.കെ. വിനോദ് 2021ൽ ശീട്ടുകളി സംഘത്തിൽപെട്ട് പിടികൂടപ്പെട്ടതിനാൽ സസ്പെൻഷനിലായിരുന്നു. വിചാരണ നടക്കുന്നതിനിടെയാണ് വീണ്ടും സസ്പെൻഷനിലായത്. ആദ്യ സസ്പെൻഷൻ കാലാവധി കഴിഞ്ഞ് നടക്കാവ് പൊലീസ് സ്റ്റേഷനിൽ പി.ആർ.ഒ ആയി നിയമിച്ചതും ഇപ്പോൾ വിവാദമാവുകയാണ്.
കളങ്കിതരായ ഉദ്യോഗസ്ഥരെ പൊതുജനസമ്പർക്കത്തിന് നിയമിച്ചത് ആശാസ്യകരമല്ലെന്നാണ് സേനയിൽതന്നെ വിലയിരുത്തുന്നത്. ഇയാൾ സ്ഥിരമായി പണം വെച്ച് ശീട്ടുകളിക്കുന്ന വിവരം റൂറൽ എസ്.പിക്ക് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് സ്ക്വാഡ് എത്തി പിടികൂടി കാക്കൂർ പൊലീസ് ഇൻസ്പെക്ടർ ബി.കെ. ഷിജുവിനും എസ്.ഐ ജയരാജിനും കൈമാറുകയായിരുന്നു. വിചാരണ നടക്കുന്നതിനിടെ ശനിയാഴ്ച അർധരാത്രി 12.30ഓടെയായിരുന്നു അഫ്നയെയും കുടുംബത്തെയും വിനോദും സംഘവും മർദിച്ചതായി പരാതി ഉയർന്നത്. അക്രമസംഭവത്തിനിടെ സ്ഥലത്തെത്തിയ കാക്കൂർ പൊലീസ്, വിനോദിനെയും സംഘത്തെയും പിടികൂടാതെ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന പരാതിയും ഉയർന്നു. സംഘത്തിലുള്ള ചിലർ മദ്യപിച്ചിരുന്നതായി മർദനമേറ്റ കുടുംബം പറയുന്നു. വിനോദിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നാണ് കാക്കൂർ പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.