കോഴിക്കോട്: നഗരം കേന്ദ്രീകരിച്ച പെൺവാണിഭ സംഘങ്ങൾ സ്ത്രീകളെയെത്തിക്കുന്നത് ഇതര സംസ്ഥാനങ്ങളിൽനിന്ന്. തമിഴ്നാട്, കർണാടക, അസം, ബംഗാൾ എന്നിവിടങ്ങളിൽനിന്ന് സ്ത്രീകളെ എത്തിക്കുന്നതിനായി പ്രത്യേക ഏജന്റുമാരും പ്രവർത്തിക്കുന്നതായാണ് വിവരം.
ഇതര സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലയിലുള്ളവരെ നേരിട്ട് സമീപിച്ച് വീട്ടുജോലിയുൾപ്പെടെ വാഗ്ദാനം ചെയ്താണ് ഏജന്റുമാർ കേരളത്തിലെത്തിക്കുന്നത്. ജില്ലയിൽ ജോലിചെയ്യുന്ന ഇതര സംസ്ഥാനക്കാരായ ചിലരുടെ ഒത്താശയും ഇതിനുണ്ട്.
ചൊവ്വാഴ്ച കോവൂരിലെ ഫ്ലാറ്റിൽനിന്ന് പിടിയിലായ പെൺവാണിഭ സംഘത്തിൽനിന്ന് പൊലീസ് രക്ഷപ്പെടുത്തിയ സ്ത്രീകളിലൊരാൾ തമിഴ്നാട് സ്വദേശിയും മറ്റൊരാൾ നേപ്പാൾ സ്വദേശിനിയുമാണ്. തമിഴ്നാട്ടുകാരിയെ ജോലി ഏർപ്പാടാക്കി നൽകാമെന്നുപറഞ്ഞാണ് കോഴിക്കോട്ടെത്തിച്ചത്.
നേപ്പാൾ സ്വദേശി എങ്ങനെ ഇവരുടെ കെണിയിൽപെട്ടുവെന്ന കാര്യം വ്യക്തമല്ല. ബ്യൂട്ടിപാർലർ, ഹോട്ടൽ എന്നിവിടങ്ങളിൽ ജോലി തേടിയെത്തിയ യുവതിയെ വാണിഭസംഘം സൗജന്യ താമസസൗകര്യമടക്കം വാഗ്ദാനം ചെയ്ത് ഒപ്പംകൂട്ടുകയായിരുന്നുവെന്നാണ് സൂചന. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
പെൺവാണിഭ സംഘങ്ങൾക്കായി കോഴിക്കോട്ടേക്ക് സ്ത്രീകളെ കടത്താൻ ഏജന്റുമാർ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതോടെ പൊലീസ് ഊർജിതാന്വേഷണം നടത്തിയിരുന്നുവെങ്കിലും ചൂഷണത്തിനിരയായവർപോലും വേണ്ടത്ര സഹകരിക്കാത്തതോടെ കേസ് പിന്നീട് വഴിമുട്ടുകയായിരുന്നു.
2021 ഡിസംബറിൽ പീഡന ശ്രമത്തിനിടെ എം.പി റോഡിലെ ലോഡ്ജിൽനിന്ന് അസം സ്വദേശിനി ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത പെൺവാണിഭ കേസിന്റെ അന്വേഷണത്തിലാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന് പ്രായപൂർത്തിയാവാത്തവരടക്കം സ്ത്രീകളെ വീട്ടുജോലി വാഗ്ദാനം ചെയ്ത് എത്തിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നത്.
ഏറെക്കാലമായി കോഴിക്കോട്ട് താമസിക്കുന്ന അസം സ്വദേശിയായ യുവാവിന്റെ സഹായത്തോടെയാണ് ഉയർന്ന വരുമാനമുള്ള ജോലി വാഗ്ദാനം ചെയ്ത് ഈ യുവതിയെ കേരളത്തിലെത്തിച്ചത്. കേസിൽ ലോഡ്ജ് നടത്തിപ്പുകാരനടക്കം അഞ്ചുപേർ അറസ്റ്റിലായെങ്കിലും ഏജന്റുമാരിലേക്കുള്ള അന്വേഷണത്തിന് യുവതി വേണ്ടത്ര സഹകരിച്ചില്ലത്രെ.
ഈ ലോഡ്ജിൽ നിന്ന് അസം സ്വദേശിനികളായ വേറെയും യുവതികളെ അന്ന് കസ്റ്റഡിയിയിലെടുത്തിരുന്നെങ്കിലും തങ്ങൾ ലിവിങ് ടുഗദർ ജീവിതം നയിക്കുന്നവരാണെന്ന് പറഞ്ഞതോടെ പൊലീസ് വിട്ടയക്കുകയായിരുന്നു.
സ്ത്രീകളെയെത്തിച്ച ഏജന്റുമാർ തന്നെയാണ് പിടിക്കപ്പെട്ടാൽ ലിവിങ് ടുഗദർ ജീവിതം എന്ന തന്ത്രം പയറ്റാൻ ഇവരെ പഠിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. നേരത്തേ ചേവരമ്പലം, പുതിയറ, തൊണ്ടയാട് എന്നിവിടങ്ങളിൽ നിന്നായി മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായ പെൺവാണിഭ സംഘങ്ങളിലും ഇരകളായി ഇതര സംസ്ഥാനക്കാരായ സ്ത്രീകളുണ്ടായിരുന്നു.
തൊണ്ടയാട് മുതരക്കാല വയലിലെ വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ച പെണ്‍വാണിഭ സംഘത്തിലുണ്ടായിരുന്ന രണ്ടു യുവതികളിലൊരാൾ കൊൽക്കത്ത സ്വദേശിനിയായിരുന്നു.
ഇവരെയും ജോലി വാഗ്ദാനം ചെയ്താണ് കേരളത്തിലെത്തിച്ചത്. ഈ കേസിൽ പ്രതികളുടെ മൊബൈൽ ഫോൺ കോളുകളും വാട്സ് ആപ് ചാറ്റുകളും പരിശോധിച്ചതിൽ യുവതികളെയെത്തിക്കുന്നതിൽ ഇടനിലക്കാരായി ചില സ്ത്രീകളും പ്രവർത്തിച്ചതായി വിവരം ലഭിച്ചിരുന്നു.
നേരത്തേ കക്കാടംപൊയിലിലെ റിസോർട്ടിലേക്ക് പ്രായപൂർത്തിയാവാത്ത ഇതര സംസ്ഥാന പെൺകുട്ടിയെ വാണിഭത്തിനെത്തിച്ച കര്‍ണാടക ചിക്കമംഗളൂരു സ്വദേശിനി അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.