കോഴിക്കോട്: ഏറെ പ്രതീക്ഷയോടെ നഗരത്തിൽ ആരംഭിച്ച വനിതകൾക്കായുള്ള രണ്ട് ഹോസ്റ്റലും നടത്തിപ്പിന് യോഗ്യരായവരെ കിട്ടാതെ തുറക്കാനാവാത്തതിനാൽ ലേലം ചെയ്ത് കൊടുക്കാൻ തീരുമാനം.
ഇതുപ്രകാരം ഷീ ലോഡ്ജിന് 10 ലക്ഷം രൂപയും വനിത ഹോസ്റ്റലിന് അഞ്ചുലക്ഷവും മുഖവില നിശ്ചയിച്ച് ഒരു കൊല്ലത്തേക്ക് ലേലം ചെയ്ത് നൽകാനാണ് തീരുമാനം. വനിത ഹോസ്റ്റൽ ഡബ്ൾ റൂമിന് ഒരാൾക്ക് 2000 രൂപയും നാലുപേരുള്ള മുറിക്ക് ഒരാൾക്ക് 1500ഉം ഈടാക്കാനാവുമെന്നാണ് പ്രതീക്ഷ.
ലേല നടപടികൾ കൈക്കൊള്ളാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പണി തുടങ്ങി 20 കൊല്ലത്തിലേറെയുള്ള കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ മാർച്ചിൽ ഉദ്ഘാടനം ചെയ്ത മാങ്കാവിലെ വനിത ഹോസ്റ്റലും പഴയ നഗരം എൽ.പി സ്കൂൾ വളപ്പിൽ രണ്ടുകൊല്ലം മുമ്പ് ഉദ്ഘാടനം ചെയ്ത ഷീ ലോഡ്ജുമാണ് ഇപ്പോഴും തുറക്കാനാവാത്തത്. ഈ ഏപ്രിലിൽ തന്നെ മാങ്കാവ് ഹോസ്റ്റൽ താമസക്കാർക്കായി തുറന്നുകൊടുക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഇരുനില കെട്ടിടത്തിൽ 75ലേറെ പേർക്ക് താമസസൗകര്യമുണ്ട്. ആറ് കിടക്കകൾ ഇടാവുന്ന രണ്ട് വലിയ മുറികളും ഡോർമിറ്ററിയും താഴെയും മുകളിലും കിടപ്പുമുറികളുമുള്ളതാണ് ഹോസ്റ്റൽ. അതിഥികൾക്കുള്ള മുറി, വായനക്കുള്ള ഇടം, അടുക്കള, ഭക്ഷണമുറി തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
നാലുകോടിയുടേതാണ് പദ്ധതി. 1995ൽ നടപടി തുടങ്ങി 2019ൽ നിർമാണം ആരംഭിച്ച് ഇഴഞ്ഞുനീങ്ങി ഒടുവിൽ തുറന്ന കെട്ടിടമാണ് ഇനിയും ഉപയോഗിക്കാനാവാതെ കിടക്കുന്നത്. ഷീ ലോഡ്ജിൽ ഫർണിച്ചർ അടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കിക്കഴിഞ്ഞു. മൊത്തം 27 സെൻറ് സ്ഥലത്ത് 4.7 കോടി ചെലവിലായിരുന്നു നിർമാണം.
റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത് മൂന്നുനിലകളിൽ 2000 ചതുരശ്ര അടിയിൽ 125 പേർക്ക് താമസിക്കാനാവും. പഴയ നഗരം എൽ.പി സ്കൂൾ വളപ്പിൽ തൃശൂർ ജില്ല ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കെട്ടിടം പണി പൂർത്തിയാക്കിയത്.
ലോഡ്ജ് നടത്തിപ്പിന് കുടുംബശ്രീ ഗ്രൂപ്പുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചതിൽ വിവിധ ഗ്രൂപ്പുകൾ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, അനുയോജ്യരെ കണ്ടെത്താനായില്ല. കഴിഞ്ഞമാസം ഷീലോഡ്ജ് പ്രവർത്തിക്കാനാവുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. ഈ സാഹചര്യത്തിലാണ് കോർപറേഷന്‍റെ പുതിയ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.