കോഴിക്കോട്: സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെ കോഴിക്കോട്ടെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലിയുള്ള ബി.ജെ.പിയിലെ തര്‍ക്കം പരസ്യ പോരിലേക്ക്.
പാർട്ടി ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പായ ‘BJP KOZHIKODE DIST’ ലാണ് നേതൃത്വത്തെ പരസ്യമായി അപമാനിക്കുന്ന ശോഭ സുരേന്ദ്രനെ എന്തിനാണ് കോഴിക്കോട്ടെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നതെന്ന വിമർശനമുന്നയിച്ച് എ.ബി.വി.പി മുൻ സംസ്ഥാന സെക്രട്ടറി വി.പി. രാജീവൻ പ്രതികരണമിട്ടത്. മണ്ഡലം പ്രസിഡന്റുമാരായ പി.സി. അഭിലാഷ്, മനോജ് നടുക്കണ്ടി എന്നിവർ ഇതിനെ പിന്തുണക്കുകയും ചെയ്തതോടെയാണ് പോര് രൂക്ഷമായത്.
പിണറായി സർക്കാറിന്റെ മത്സ്യത്തൊഴിലാളി വഞ്ചനക്കെതിരെ ബി.ജെ.പി വെള്ളയിൽ, വെസ്റ്റ്ഹിൽ, പുതിയങ്ങാടി ഏരിയ കമ്മിറ്റികൾ ചേർന്ന് കോന്നാട് ബീച്ചിലെ ഫിഷറീസ് ഡി.സി ഓഫിസ് പരിസരത്ത് വെള്ളിയാഴ്ച നടത്തിയ രാപകൽ സമരത്തിന്റെ പോസ്റ്റർ ഈ വാട്സ്ആപ് ഗ്രൂപ്പിൽ ഇട്ടിരുന്നു. ‘കടലിന്റെ കണ്ണീരൊപ്പാൻ കേരളത്തിന്റെ സമര നായിക’ എന്നാണ് ശോഭ സുരേന്ദ്രനെ പോസ്റ്ററിൽ വിശേഷിപ്പിച്ചത്. പോസ്റ്ററിന് പ്രതികരണമെന്നോണമാണ് ‘ആ വ്യക്തിയെ എന്തിനാണ് വിളിക്കുന്നത്’ എന്ന് ചോദിച്ചുള്ള വിശദ പ്രതികരണം വന്നത്.
കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെയും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെയും നേതൃത്വത്തിലുള്ള ചേരിയുടെ രഹസ്യ എതിർപ്പാണ് വാട്സ്ആപ് ഗ്രൂപ്പിലൂടെ പരസ്യമായതെന്നാണ് പാർട്ടിയിലെ ഒരുവിഭാഗം വിലയിരുത്തുന്നത്.
ഹർഷിന മെഡിക്കൽ കോളജ് പരിസരത്ത് നടത്തുന്ന സമരത്തിന് പിന്തുണയർപ്പിച്ച് നേരത്തെ ശോഭ കോഴിക്കോട്ടെത്തിയപ്പോൾ വലിയ സ്വീകാര്യത ലഭിക്കുകയും സമരവേദിക്കരികിൽനിന്ന് മന്ത്രി വി. മുരളീധരനെ വിമർശിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതാണ് മുരളീധരപക്ഷത്തെ കൂടുതൽ പ്രകോപിപ്പിച്ചതെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ പരിപാടികളിലേക്ക് ശോഭയെ വിളിക്കുന്നത് ഒഴിവാക്കിക്കാനുള്ള ശ്രമങ്ങളും അണിയറയിൽ തുടരുന്നുണ്ട്. ശോഭ സുരേന്ദ്രനെതിരായ പോസ്റ്റ് ശോഭയെ അനുകൂലിക്കുന്നവർതന്നെയാണ് ഗ്രൂപ്പിന് പുറത്തുള്ളവർക്ക് ചോർത്തി നൽകി പാർട്ടിയിൽ ചർച്ചയാക്കിയത്.
അതേസമയം, ബി.ജെ.പി ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പില്‍ തനിക്കെതിരെ പരാമര്‍ശം വന്നാല്‍ അത് പാര്‍ട്ടി നേതൃത്വത്തോടാണ് ചോദിക്കേണ്ടതെന്ന് രാപകൽ സമരത്തിൽ പങ്കെടുത്തശേഷം ശോഭ സുരേന്ദ്രന് കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങളുടെ വിഷയങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകാനാണ് രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നത്. എവിടെയും പ്രവര്‍ത്തിക്കുന്നതിനുള്ള സ്വാതന്ത്ര്യം ശോഭക്കുണ്ടെന്നാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വ്യക്തമാക്കിയത്. പൊതുപ്രവര്‍ത്തനരംഗത്തുള്ള വ്യക്തി എന്ന നിലയില്‍ അഭിപ്രായങ്ങൾ പറയും. പാര്‍ട്ടിക്കെതിരെ താന്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഇത് തന്റെകൂടി പാർട്ടിയാണ്. അല്ലെന്ന് വരുത്താൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ ആ വെള്ളം വാങ്ങിവെച്ചേക്കണം.
ബി.ജെ.പി ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തോടാണ് എനിക്ക് പ്രതിബദ്ധത. അതുമായാണ് മുന്നോട്ടുപോകുന്നത്. എന്റെ വഴിയില്‍ ആരെങ്കിലും തടസ്സം സൃഷ്ടിച്ചാല്‍ അത് എടുത്തുമാറ്റി മുന്നോട്ടുപോകാന്‍ അറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രിയ സഹപ്രവർത്തകരെ,
സംഘടനയെയും മുതിര്‍ന്ന പ്രവര്‍ത്തകരെയും മാധ്യമങ്ങള്‍ക്കു മുന്നില്‍ പരസ്യമായി വിമര്‍ശിക്കുന്ന ഈ വ്യക്തിയെ (ശോഭ സുരേന്ദ്രനെ) എന്തിനാണ് ഇത്തരം പരിപാടികളില്‍ വിളിക്കുന്നത്. സംഘടനയുടെ അച്ചടക്കം പാലിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ നേതാവിന്റെ അഭിപ്രായത്തോട് യോജിക്കാന്‍ സാധിക്കുമോ? എതിരാളികള്‍ക്ക് അടിക്കാനുള്ള വടികൊടുക്കുകയും പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുകയും ചെയ്യുന്ന നേതാക്കളെ നാം എന്തിന് കൊണ്ടുനടക്കണം? സംഘടനയുടെ ഭാഗത്തോ നേതൃത്വത്തിന്റെ ഭാഗത്തോ തെറ്റുണ്ടെങ്കില്‍ വിമര്‍ശിക്കുകതന്നെ വേണം, പക്ഷേ അത് മാധ്യമങ്ങളുടെ മുന്നിലല്ല വേണ്ടതെന്ന അഭിപ്രായക്കാരനാണ് ഞാന്‍. ദേശീയ നേതാക്കളെയടക്കം പേരെടുത്ത് വിമര്‍ശിച്ച ഇത്തരം നേതാക്കള്‍ക്കെതിരെ സംഘടന ശക്തമായ നടപടി സ്വീകരിക്കുകയല്ലേ വേണ്ടത്?.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.