കോഴിക്കോട്: സിൽവർ ലൈൻ പദ്ധതി കേരളത്തിലെ വികസനങ്ങളുടെ അവസാന പദ്ധതിയാവുമെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ പറഞ്ഞു. കേരളത്തെ ദുരന്തത്തിലേക്ക് നയിക്കുന്ന സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ല സർവോദയമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സത്യഗ്രഹത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അസത്യങ്ങളുടെ അതിവേഗ പാതയാണിത്. ഇപ്പോൾ പറയുന്ന കോടികളല്ല പദ്ധതിച്ചെലവ്, പ്രാവർത്തികമാവുമ്പോൾ അത് ഇരട്ടിയാവും. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് നാലരമണിക്കൂർ കുറയുമെന്നതാണ് നേട്ടമായി പറയുന്നത്. 11 സ്റ്റോപ്പുകളാണ് ഉള്ളത്.
ആരായിരിക്കും ഇതിലെ യാത്രക്കാർ, കേരള വികസനത്തിന് എന്തു ഗുണമാണ് പദ്ധതി നൽകുകയെന്നും അദ്ദേഹം ചോദിച്ചു.
സത്യഗ്രഹം കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആർക്കുവേണ്ടിയാണ് സിൽവർ ലൈൻ പദ്ധതിയെന്ന് രമ ചോദിച്ചു. കേരളത്തിലെ ഭൂരിപക്ഷം ജനവിഭാഗം അടിസ്ഥാന സൗകര്യമില്ലാതെ കഷ്ടപ്പെടുമ്പോൾ എന്തു വികസനമാണ് കമ്യൂണിസ്റ്റ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കണം.
ജനങ്ങൾക്ക് വേണ്ടാത്ത വികസന പരിപാടികൾ ഭരണകൂടം അടിച്ചേൽപിക്കുമ്പോൾ അതിനെതിരായ സമരത്തിൽ താനും പാർട്ടിയും മുന്നിലുണ്ടാവുമെന്നും അവർ വ്യക്തമാക്കി. ഇയ്യച്ചേരി പത്മിനി അധ്യക്ഷത വഹിച്ചു. ഡോ. ജോസ് മാത്യു, ടി. ബാലകൃഷ്ണൻ, ടി.ടി. ഇസ്മായിൽ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, യു. രാമചന്ദ്രൻ, മാത്യൂസ് പുതുശ്ശേരി, കെ.പി. മനോജ് കുമാർ, എച്ച്. സുധീർ പ്രദീപൻ കുതിരോട്, പി. വാസു, പി. ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.