കോഴിക്കോട്: ഇടവേളക്ക് ശേഷം നഗരത്തിൽ വീണ്ടും തെരുവുനായ് ആക്രമണം. 26ന് രാവിലെ പയ്യാനക്കലിലെ രണ്ട് വാർഡുകളിലായി മൂന്നു വയസ്സുള്ള കുട്ടിയടക്കം ഏഴുപേരെയാണ് തെരുവുനായ് ആക്രമിച്ചത്. 54, 55 വാർഡുകളിലാണ് തെരുവുനായ് ആക്രമണം ഉണ്ടായത്.
54ാം വാർഡിൽ മൂന്നുവയസ്സുകാരനായ അബ്ദുൽ ജബാറിനെ അംഗൻവാടിയിലേക്ക് കൊണ്ടുപോകുമ്പോൾ വഴിമധ്യേ തെരുവുനായ് കടിക്കുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാതാവ് ജുബരിയ (35), കരീം (55) എന്നിവരേയും നായ കടിച്ചു കീറി.
സ്കൂളിലേക്ക് പോകുകയായിരുന്ന യാദവ് എന്ന കുട്ടിക്കും കടിയേറ്റു. നാലു പേരെയും ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം ഇവരെ വിട്ടയച്ചു.
55ാം വാർഡിൽ മൂന്നു പേർക്കാണ് നായകടിയേറ്റത്. ഇതിൽ 85കാരിയായ വൃദ്ധയും ഉൾപ്പെടും. മരുതമൂളിപറമ്പ് കാർത്ത്യായനി(85) വീടിന് പുറത്തിരുന്ന് ചൂല് ഉണ്ടാക്കുന്നതിനിടെ നായ ഓടിയെത്തി ആക്രമിക്കുകയായിരുന്നു. ആദ്യം കാലിൽ കടിച്ച നായ ഒരു കോഴിയുടെ പിറകെ പോകുകയും അതിനെ പിടികൂടാൻ കഴിയാതെ തിരികെ ഓടിവന്ന് കാർത്ത്യായനിയെ വീണ്ടും കടിക്കുകയുമായിരുന്നു.
അയനിക്കാട്ട് സുജന (37), അയനിക്കാട്ട് സുശാന്ത് (27) എന്നിവരേയും നായ കടിച്ചു. മുറ്റത്ത് നിൽക്കുകയായിരുന്ന സുശാന്തിനെയാണ് ആദ്യം നായ കടിച്ചത്. തൊട്ടടുത്ത് തുണി അലക്കിക്കൊണ്ട് നിൽക്കുകയായിരുന്ന സുജനയേയും നായ ആക്രമിച്ചു. മൂന്നുപേർക്കും ഗുരുതരമായ പരിക്കുണ്ട്.
മൂന്നുപേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്കുശേഷം ഇവരെ വിട്ടയച്ചു. എ.ബി.സി സെന്ററിൽനിന്നും ജീവനക്കാരെത്തി വാർഡുകളിൽനിന്ന് നായ്ക്കളെ പിടിച്ചുകൊണ്ടുപോയതായി കൗൺസിലർ ജയശീല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.