കോഴിക്കോട്: തെരുവ്നായ നിയന്ത്രണത്തിനുള്ള പദ്ധതി അഞ്ച് കൊല്ലം കൂടി തുടർന്നാലേ ലക്ഷ്യം കാണുള്ളൂവെന്ന് കാണിച്ച് കോർപറേഷൻ ആരോഗ്യ വിഭാഗം മേയർ ഡോ. ബീനഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ റിപ്പോർട്ട് നൽകി. നഗരത്തിൽ മുമ്പില്ലാത്ത വിധം തെരുവ് നായകൾ പെരുകിയെന്ന് കാണിച്ച് ബി.ജെ.പിയിലെ അനുരാധാ തായാട്ടിന്റെ ശ്രദ്ധ ക്ഷണിക്കലിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകിയത്.
ആനിമൽ ബർത് കൺട്രോൾ പദ്ധതി (എ.ബി.സി) ആശുപത്രി, പൂളക്കടവിൽ തുടങ്ങിയത് 2019 ലാണ്. 12,748 നായകളെയാണ് ഇതുവരെ പൂളക്കടവിൽ നിന്ന് വന്ധ്യംകരിച്ച്, പേ വിബാധക്കെതിരെ കുത്തിവച്ച്, പിടികൂടിയ സ്ഥലത്ത് തന്നെ ചട്ടപ്രകാരം തിരിച്ച് വിട്ടത്. 2018 ലെ തെരുവ് നായ സർവേയിൽ 13,182 നായയുണ്ടെന്നാണ് കണ്ടെത്തിയിരുന്നത്. അഞ്ച് കൊല്ലം കൊണ്ട് അന്നത്തെ നായകളുടെ എണ്ണം പാതിയാക്കി കുറക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. അത് കുറഞ്ഞെങ്കിലും നായകളുടെ മൊത്തം എണ്ണം കൂടി.
പദ്ധതിയുടെ അഞ്ച് വർഷ കാലാവധി തീർന്ന ഇപ്പോൾ 20,000 ത്തിനും 25,000 വരെ നായയുണ്ടെന്നാണ് കരുതുന്നത്. കഴിഞ്ഞ ഒരാഴ്ച 357 പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ നായ കടിച്ച് എത്തിയെന്നത് ശരിയാണെങ്കിലും അതിൽ നഗരത്തിൽ രണ്ട് ഇടങ്ങളിലാണ് നായയുടെ ആക്രമണം. എ.ബി.സി.ആശുപത്രി അറ്റകുറ്റപ്പണിക്ക് അടച്ചതാണ്. കോഴിക്കോട്ട് എ.ബി.സി പദ്ധതിയുള്ളതിനാൽ മറ്റ് ജില്ലകളിലും പഞ്ചായത്തുകളിലും നിന്നൊക്കെ നായകളെ നഗരപരിധിയിൽ കൊണ്ടിടുന്നുവോയെന്ന് സംശയമുണ്ട്. അത് പരിശോധിക്കും. ശാസ്ത്രീയ മാലിന്യ സംസ്കരണവും നായകളുടെ എണ്ണം കൂറക്കാൻ ആവശ്യമാണെന്നും വെറ്റിനറി സർജൻ ഡോ. ശ്രീഷ്മയുടെ റിപ്പോർട്ടിലുണ്ടെന്ന് മേയർ അറിയിച്ചു. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ തെരുവ് നായകളുടെ കാര്യത്തിൽ അയവുണ്ടാവണമെന്നും ഹൈകോടതിയിൽ ഇതു സംബന്ധിച്ച് കോർപറേഷൻ പരാതി നൽകിയതാണെന്നും മേയർ പറഞ്ഞു. നായ ശല്യത്തിൽ കേന്ദ്ര സർക്കാരിന് നിവേദനം നൽകുമെന്നും മേയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.