കോഴിക്കോട്: പെരുന്നാളടുക്കുേമ്പാൾ തെരുവുകളിൽ ആഘോഷമേളം തീർക്കുന്ന തെരുവുകച്ചവടക്കാർ ഇക്കൊല്ലം വഴിയാധാരം. പെരുന്നാളുകൾക്കും വിഷുവിനും ഓണത്തിനുമൊക്കെയുള്ള കച്ചവടങ്ങൾകൊണ്ട് ഒരു കൊല്ലത്തെ ദുരിതമെല്ലാം മായ്ച്ചെടുക്കുന്ന ജില്ലയിലെ ആയിരക്കണക്കിന് തെരുവുവാണിഭക്കാരാണ് ലോക്ഡൗണിൽ കച്ചവടം മുടങ്ങി പട്ടിണിയിലായത്.
പെരുന്നാൾ കച്ചവടത്തിനും പൂട്ടുവീണതോടെ ദുരിതപൂർണമായിരിക്കയാണ് ജീവിതം. പെരുന്നാളിനോട് തൊട്ടു മുമ്പുള്ള സൺഡേ മാർക്കറ്റുകളിൽ ലക്ഷങ്ങളുടെ തുണിയും ചെരിപ്പും വിറ്റുപോവാറുണ്ട്. ബിസിനസ് പൊളിഞ്ഞതിനാലും പാർട്ണർമാർ തെറ്റിയതിനാലുമൊക്കെ കാലിയാക്കുന്ന കടകളിലും മാളുകളിലുംനിന്നുള്ള സാധനങ്ങളാണ് അധികവും തെരുവിലെത്താറ്. പാതിയിലേറെ വിലക്കുറവിൽ സാധനങ്ങൾ കിട്ടുന്നതിനാൽ തെരുവിനെ ആശ്രയിക്കുന്നതിൽ നല്ലൊരു വിഭാഗം സാധാരണക്കാരുമുണ്ട്.
കാസർകോട് മുതൽ എറണാകുളം വരെയുള്ളവർ കോഴിക്കോട്ട് കച്ചവടത്തിനെത്താറുണ്ട്. തുണിത്തരങ്ങൾക്കൊപ്പം എല്ലായിനങ്ങളും വിൽക്കുന്നവരാണ് അധികവും.കോഴിക്കോട് സിറ്റിയിൽ മാത്രം 4000 തെരുവോരക്കച്ചവടക്കാരുണ്ടെന്ന് വഴിയോരക്കച്ചവട തൊഴിലാളി യൂനിയൻ ജില്ല പ്രസിഡൻറും നഗരസഭ കൗൺസിലറുമായ സി.പി. സുലൈമാൻ പറഞ്ഞു. ഇതിൽ 2000 പേർ ലൈസൻസുള്ളവരാണ്. 500ഓളം പേർക്കാണ് ക്ഷേമനിധി അംഗത്വമുള്ളത്. കോഴിക്കോട് ബീച്ച് അടച്ചതോടെ കടപ്പുറത്തുള്ള 2000ത്തോളം തെരുവുകച്ചവടക്കാരുടെ കാര്യവും ദുരിതത്തിലാണ്. കോതി, സൗത്ത് ബീച്ച്, കോർപറേഷൻ ഓഫിസിനു സമീപം, കാമ്പുറം, ഭട്ട് റോഡ് തുടങ്ങി വിവിധയിടങ്ങളിൽ കച്ചവടംചെയ്യുന്ന ഇവർക്ക് പെരുന്നാൾ സീസണിൽ നല്ല കച്ചവടമാണ് കിട്ടാറ്. പെരുന്നാളിനും തുടർന്നുള്ള ദിവസങ്ങളിലും കടപ്പുറത്തെത്തുന്നവരിൽനിന്നുള്ള വരുമാനം പലർക്കും ഒരു കൊല്ലത്തേക്കുള്ള നീക്കിയിരിപ്പാകാറുണ്ട്.
തെരുവുകച്ചവടക്കാരിൽ ഭൂരിപക്ഷവും കടുത്ത പ്രതിസന്ധിയിലാണെന്ന് പാളയത്ത് സൺഡേ മാർക്കറ്റിൽ വർഷങ്ങളായി കച്ചവടംചെയ്യുന്ന ഹംസ കൽപള്ളി പറഞ്ഞു. സർക്കാർ ഭക്ഷണക്കിറ്റും സഹായങ്ങളുംകൊണ്ടാണ് പിടിച്ചുനിൽക്കുന്നത്. നാട്ടുകാർക്കൊപ്പം വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നെത്തിയ തെരുവുകച്ചവടക്കാരും സന്നദ്ധ പ്രവർത്തകരുടെ സാഹായംകൊണ്ട് പട്ടിണിമാറ്റുകയാണിേപ്പാൾ. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള 500ലേറെ പേർ കോഴിക്കോട് ബീച്ചിലും പരിസരത്തും കച്ചവടം ചെയ്യുന്നതായാണ് കണക്ക്.
ബലൂണും പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളുമൊക്കെയാണ് ഇവർ വിൽക്കുന്നത്. ഗുജറാത്ത്, യു.പി, ബിഹാർ, ബംഗാൾ തുടങ്ങി വിവിധ സംസ്ഥാനക്കാരാണിവർ. ഉന്തുവണ്ടികളിൽ സഹായികളായിനിന്ന് കുടുംബംപോറ്റുന്ന മറ്റു സംസ്ഥാനക്കാരടക്കം ആയിരക്കണക്കിനാളുകളും ആധിയിലാണ്.
ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് 1000 മുതൽ 5000 രൂപവരെ സഹായം ലഭിച്ചിട്ടുണ്ടെങ്കിലും ഇവരുടെ എണ്ണം വളരെ കുറവാണ്. ക്ഷേമനിധി വിഹിതത്തിനനുസരിച്ചാണ് സഹായം ലഭിക്കുക. ഇതിനു പുറമെ സർക്കാർ ഭാഗത്തുനിന്ന് സഹായധനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തെരുവുകച്ചവടക്കാരുടെ സംഘടനകൾ സർക്കാറിനെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.