കോഴിക്കോട്: റവന്യൂ വകുപ്പിലെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ യൂനിയൻ കലക്ടറേറ്റിൽ തുടരുന്ന പ്രക്ഷോഭം വിവിധ ഓഫിസുകളുടെ പ്രവർത്തനങ്ങളെയും ബാധിച്ചുതുടങ്ങി. ഒട്ടുമിക്ക ഓഫിസുകളിലെയും ജീവനക്കാർ സമരത്തിന്റെ ഭാഗമായതോടെ വിവിധ സേവനങ്ങൾക്കും മറ്റും എത്തിയവർ മടങ്ങിപ്പോയി. ഫയൽ നീക്കങ്ങളെയും സമരം പ്രതിസന്ധിയിലാക്കി. കലക്ടറേറ്റിലെ ജീവനക്കാരെ കൂടാതെ സിവിൽ സ്റ്റേഷനിലെയും നഗര പരിധിയിലെ മറ്റു ഓഫിസുകളിലെയും ജീവനക്കാരടക്കം നൂറുകണക്കിനുപേരാണ് ശനിയാഴ്ച സമരത്തിൽ പങ്കാളികളായത്.
ഒമ്പതുദിവസമായി തുടരുന്ന സമരം കൂടുതൽ ആളുകളെത്തിയതോടെ ശനിയാഴ്ച കലക്ടറുടെ ചേമ്പറിന് മുന്നിൽനിന്ന് താഴെ നിലയിലെ വരാന്തയിലേക്ക് മാറ്റിയിരുന്നു. അവധിയിലായിരുന്ന കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി തിരിച്ചെത്തിയിട്ടും യൂനിയനുമായി ചർച്ച നടത്താനോ ഉത്തരവ് റദ്ദാക്കാനോ തയാറാവാത്തതോടെ തിങ്കളാഴ്ച മുതൽ സമരം കൂടുതൽ ശക്തമാക്കാനാണ് എൻ.ജി.ഒ യൂനിയന്റെ തീരുമാനം. അതിനിടെ പ്രക്ഷോഭം എൻ.ജി.ഒ യൂനിയൻ- ജോയിന്റ് കൗൺസിൽ വാക്പോരിനും വഴിവെച്ചു. സമരം ന്യായമല്ലെന്നാണ് ജോയിന്റ് കൗൺസിൽ പരസ്യമായി പ്രഖ്യാപിച്ചത്. ഇതോടെ ഭരണകക്ഷിയിലെ ഒന്നും രണ്ടും കക്ഷികളുടെ പോഷക സംഘടനകൾ തമ്മിലുള്ള പരസ്യ ഏറ്റുമുട്ടലിലെത്തി കാര്യങ്ങൾ.
മൂന്നു വർഷമായ ഉദ്യോഗസ്ഥരിൽനിന്ന് അപേക്ഷ സ്വീകരിച്ച് കരട് പട്ടിക തയാറാക്കി പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങൾ സ്വീകരിച്ചശേഷം അന്തിമ സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിക്കുകയാണ് വേണ്ടത്. എന്നിരിക്കെ, ഇതൊന്നും പാലിക്കാതെ ജോയിന്റ് കൗൺസിൽ നേതാക്കൾ നൽകിയ പട്ടിക എ.ഡി.എം കലക്ടർക്ക് കൈമാറുകയും അദ്ദേഹം ഉത്തരവാക്കിയിറക്കുകയുമായിരുന്നുവെന്നാണ് എൻ.ജി.ഒ യൂനിയൻ നേതാക്കൾ പറയുന്നത്. നിലവിൽ 16 പേരുടെ പട്ടികയിൽ ഒമ്പതുപേർ മൂന്നുമാസം മുതൽ മൂന്നുവർഷത്തിൽതാഴെ മാത്രം ഒരേ തസ്തികയിൽ ജോലി ചെയ്യുന്നവരാണ്.
അതിനാൽതന്നെ നീതിപൂർവമല്ലാത്ത ഉത്തരവ് പിൻവലിക്കണമന്നാണ് ആവശ്യം. സമരം കണക്കിലെടുത്ത് കലക്ടറും എ.ഡി.എമ്മും ശനിയാഴ്ച ഓഫിസിൽ എത്തിയില്ല. സമരത്തിൽ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. സത്യൻ, സിന്ധു രാജൻ, ജില്ല സെക്രട്ടറി കെ.പി. രാജേഷ്, ഹംസ കണ്ണാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
കലക്ടർക്കും എ.ഡി.എമ്മിനും ജോയിന്റ് കൗൺസിലിനും രൂക്ഷ വിമർശനം
കോഴിക്കോട്: എൻ.ജി.ഒ യൂനിയൻ കലക്ടറേറ്റിൽ നടത്തുന്ന പ്രക്ഷോഭത്തിൽ കലക്ടർ, എ.ഡി.എം, സി.പി.ഐയുടെ പോഷകസംഘടന ജോയിന്റ് കൗൺസിൽ എന്നിവക്ക് രൂക്ഷ വിമർശനം. സമരക്കാരുടെ മുദ്രാവാക്യം വിളികളിലും നേതാക്കളുടെ പ്രസംഗത്തിലും പ്രതികരണത്തിലുമാണ് കടുത്ത വിമർശനങ്ങൾ ഉയർന്നത്. സമരത്തിന്റെ പൂർണ ഉത്തരവാദിത്തം കലക്ടർക്കാണ്. ഉത്തരവാദപ്പെട്ട ആളെന്ന നിലക്ക് ഗൗരവമായ ചർച്ചക്കുപോലും അദ്ദേഹം തയാറാകുന്നില്ല. സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കാനാവില്ല എന്നുമാത്രമാണ് കലക്ടർ പറയുന്നത്.
ആറേഴു വർഷമായി സിവിൽ സർവിസിൽ കേരളത്തിൽ ജോലിചെയ്യുന്ന കലക്ടർ കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കണം. വിവാദ ഉത്തരവിറക്കിയ മുൻ കലക്ടർമാരിൽ ചിലർ ഓഫിസിലെത്താൻ എൻ.ജി.ഒ യൂനിയന്റെ അനുവാദം കിട്ടാൻ ക്യാമ്പ് ഓഫിസിൽ മണിക്കൂറുകളോളം തങ്ങിയ ചരിത്രമുണ്ടെന്നും അതൊക്കെ മനസ്സിലാക്കുന്നത് നല്ലതാണെന്നും സമരത്തിൽ സംസാരിച്ച യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.
എ.ഡി.എം ചിലരുടെ ചട്ടുകമായി പ്രവർത്തിക്കുകയാണ്. ചിലരുടെ താൽപര്യത്തിനൊത്ത് പ്രവർത്തിച്ചാലേ തനിക്ക് ഈ കസേരയിൽ തുടരാനാവൂ എന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്. കലക്ടറെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും രാജേന്ദ്രൻ പറഞ്ഞു. ഭരണകക്ഷിയിൽപെട്ട സംഘടന സമരം നടത്തുമ്പോൾ വാർത്തസമ്മേളനം നടത്തി ഉത്തരവിന്റെ പിതൃത്വം അവകാശപ്പെടുകയാണ് ജോയിന്റ് കൗൺസിൽ നേതാക്കൾ ചെയ്തത്.
സ്വജനപക്ഷപാതത്തോടെ സ്ഥലംമാറ്റ ഉത്തരവിറക്കിയത് അഴിമതിക്കുവേണ്ടിയാണെന്നും ഉത്തരവ് പിൻവലിക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്നും നേതാക്കൾ പറഞ്ഞു. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ രാപ്പകൽ സമരമടക്കം ആലോചിക്കും.
ചീഫ് സെക്രട്ടറിക്ക് പരാതി നൽകി
കോഴിക്കോട്: റവന്യൂ വകുപ്പിലെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിൽ എൻ.ജി.ഒ യൂനിയൻ നടത്തുന്ന സമരത്തിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി. പയ്യോളിയിൽ നിന്നുള്ള ജില്ല പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ വി.പി. ദുൽകിഫിലാണ് പരാതി അയച്ചത്.
എൻ.ജി.ഒ യൂനിയനും ജോയിന്റ് കൗൺസിലും തമ്മിലുള്ള അധികാര തർക്കത്തിന്റെ ഭാഗമായി ഒമ്പതുദിവസമായി നടന്നുവരുന്ന സമരത്തിൽ പൊതുജനം ബുദ്ധിമുട്ടുകയാണ്. സിവിൽ സ്റ്റേഷന്റെ പ്രവർത്തനത്തെ പോലും സമരം ബാധിച്ചു.
സമരം തീർക്കാൻ കലക്ടർ ഒന്നും ചെയ്യാത്തതിനാൽ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ജില്ല ഭരണകൂടത്തിന്റെ ആസ്ഥാനത്തെ ഭരണസ്തംഭനം പരിഹരിക്കുന്നതിൽ റവന്യൂ മന്ത്രിയും സർക്കാറും പരാജയപ്പെട്ടതിൽ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കലക്ടറേറ്റ് എൻ.ജി.ഒ യൂനിയന്റെയും ജോയിന്റ് കൗൺസിലിന്റെയും സ്വയംഭരണ പ്രദേശമാണോ അല്ലെങ്കിൽ അവർക്ക് തീറെഴുതി നൽകിയതാണോ എന്നകാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ആർ. ഷഹിൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.