കീഴരിയൂർ, അരിക്കുളം പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങൾക്ക് ഭീഷണിയായ തങ്കമലയിലെ ക്വാറിയും ക്രഷറും നാടിന്റെ ദുരിതമായി മാറിയിട്ട് നാളേറെയായി. പലതരത്തിൽ സമരങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയെങ്കിലും ജനങ്ങളുടെ കണ്ണീരിനുമാത്രം അറുതിയില്ല. നാടിന് സംരക്ഷണക്കൊടുമുടിയാവേണ്ട മലയിൽനിന്ന് വിഷജലവും മാലിന്യവും ഒഴുകുകയും ഉരുൾപൊട്ടൽ അടക്കം ഭീഷണി ഉയരുകയും ചെയ്യുമ്പോൾ ഇതേക്കുറിച്ച് ‘മാധ്യമം’ നടത്തുന്ന അന്വേഷണം ഇന്നുമുതൽ.
മേപ്പയൂർ: കീഴരിയൂർ, തുറയൂർ ഗ്രാമപഞ്ചായത്തുകളിലുള്ള തങ്കമല ക്വാറിയും ക്രഷറും നാടിന് ദുരിതംവിതക്കുന്നു. ഈ രണ്ട് പഞ്ചായത്തുകളിലായി 60 ഏക്കർ സ്ഥലമാണ് പയ്യോളി ഗ്രാനൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമുള്ളത്. ഇതിൽ കീഴരിയൂർ വില്ലേജിലെ 80 / 1 A 1, 81/2 സർവേ നമ്പറുകളിലുള്ള 12 ഏക്കർ സ്ഥലത്താണ് പാറഖനനത്തിനുള്ള അനുമതി സംസ്ഥാന പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതിയിൽനിന്ന് ലഭിച്ചത്. കൂടാതെ രണ്ട് ക്രഷറും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
വെങ്ങളം മുതൽ അഴിയൂർ വരെ ദേശീയ പാതയുടെ നിർമാണമേറ്റെടുത്ത വഗാഡ് കമ്പനിയാണ് ഈ ക്വാറിയും ക്രഷറും മൂന്ന് വർഷത്തേക്ക് പാട്ടത്തിനെടുത്തത്. ദേശീയപാതക്കുവേണ്ട അസംസ്കൃത വസ്തുക്കൾ ഇപ്പോൾ തങ്കമലയിൽനിന്നാണ് കൊണ്ടുപോകുന്നത്. കമ്പനിയുടെ 20 ഓളം ടിപ്പറുകൾ നിത്യേന ഏഴിൽ കൂടുതൽ സർവിസ് നടത്തുന്നുണ്ട്.
തുറയൂർ പഞ്ചായത്തിലാണ് ക്രഷറുകൾ പ്രവർത്തിക്കുന്നത്. ഒരു ക്രഷറിനാണ് അനുമതിയെങ്കിലും നിലവിൽ രണ്ട് ക്രഷറാണിവിടെ പ്രവർത്തിക്കുന്നത്. തങ്കമലയിലെ 40 ഏക്കറോളം സ്ഥലം തൃശൂർ സ്വദേശിയുടേതായിരുന്നു. ഇവിടെ ആദ്യം റബർ, ജാതി, തെങ്ങ് ഉൾപ്പെടെ കൃഷിയായിരുന്നു. പിന്നീട് ചെങ്കൽഖനനം നടത്തി. 26 വർഷം മുമ്പ് ഖനനം ആരംഭിച്ചു. തൃശൂർ സ്വദേശിയിൽനിന്ന് മറ്റൊരാൾ പാട്ടത്തിനെടുത്തായിരുന്നു ക്വാറി നടത്തിയത്. പിന്നീട് സ്ഥലം എറണാകുളം സ്വദേശിക്ക് കൈമാറി. ഇയാൾ ക്വാറി നടത്തിക്കൊണ്ടിരിക്കെ നാട്ടുകാർ സമരവുമായി രംഗത്തുവന്നു. ഇതോടെ 2019ൽ പൂട്ടി. ആറു മാസം മുമ്പ് വഗാഡ് കമ്പനി പാട്ടത്തിനെടുത്തതോടെയാണ് വീണ്ടും ക്വാറി, ക്രഷർ പ്രവർത്തനം തുടങ്ങിയത്. പ്രവർത്തനം വിപുലമാക്കിയ കമ്പനി ഒരു ക്രഷർ കൂടി ആരംഭിച്ചു. പ്രതിവർഷം 85,000 മെട്രിക് ടൺ കരിങ്കല്ല് പൊട്ടിക്കുമെന്നാണ് പറയുന്നതെങ്കിലും അതിലും എത്രയോ കൂടുതലാണ് കൊണ്ടുപോകുന്നതെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഭാരം കയറ്റിയ ലോറികൾ ഇടതടവില്ലാതെ പോകുന്നത് കാരണം ഇരിങ്ങത്ത് - കീഴരിയൂർ റോഡ് തകർന്നിട്ടുണ്ട്. പാലമടക്ക് മീത്തൽ റോഡ് ഇടിഞ്ഞതുകാരണം ഇപ്പോൾ വലിയ വാഹനങ്ങൾ വളരെ പ്രയാസപ്പെട്ടാണ് യാത്ര നടത്തുന്നത്. ക്വാറിക്കും ക്രഷറിനും സമീപത്തെ ഇരു പഞ്ചായത്തിലുമുള്ള 50തോളം കുടുംബങ്ങൾ ജീവൻ പണയം വെച്ചാണ് ഇവിടെ താമസിക്കുന്നത്. ക്രഷറിൽനിന്നുള്ള ശബ്ദ - പൊടിശല്യം, ക്വാറിയിൽ സ്ഫോടനം നടത്തുമ്പോഴുള്ള കുലുക്കം, രാസമാലിന്യങ്ങളുടെ ഒഴുക്ക് തുടങ്ങിയ ഒട്ടനവധി പ്രശ്നങ്ങളാണ് പ്രദേശവാസികൾ നേരിടുന്നത്. കീഴരിയൂർ പഞ്ചായത്തിലും തുറയൂർ പഞ്ചായത്തിലും തങ്കമല ഖനനത്തിനെതിരെ രണ്ട് കമ്മിറ്റികൾ നിലവിലുണ്ട്. എല്ലാ രാഷ്ട്രീയപാർട്ടികളും ക്വാറിക്കും ക്രഷറിനുമെതിരെ വ്യത്യസ്തമായി സമരം നടത്തുന്നുമുണ്ട്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് വില്ലേജ് ഓഫിസർ, ഡെപ്യൂട്ടി തഹസിൽദാർ എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് തങ്കമലയുടെ താഴ്വാരത്തുള്ളവരോട് മാറിത്താമസിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.