പേരാമ്പ്ര എസ്റ്റേറ്റ് തുടങ്ങി അധികം വൈകാതെ ആശുപത്രിയും ആരംഭിച്ചിരുന്നു. പല മാനേജ്മെന്റിനു കീഴിൽ ആശുപത്രി കൂടുതൽ വികസിച്ചു. കിടത്തിച്ചികിത്സ ഉൾപ്പെടെ ലഭിക്കുന്ന ആശുപത്രിയായി. തൊഴിലാളികൾക്ക് അസുഖം വന്നാലും അപകടംപറ്റിയാലുമെല്ലാം നല്ല ചികിത്സ ലഭിച്ചിരുന്നു. ഫാർമസി സൗകര്യവും ഉണ്ടായിരുന്നു.
ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളി കുടുംബങ്ങൾക്കും ഇത് വലിയ ആശ്വാസമായിരുന്നു. പ്രസവമുൾപ്പെടെ നടക്കുന്ന ആശുപത്രിയായിരുന്നു എന്ന് തൊഴിലാളികൾ പറഞ്ഞു. എന്നാൽ, കാലക്രമേണ ആശുപത്രി പൂട്ടി. ആദ്യം മുഴുവൻസമയ ഡോക്ടർ ഉണ്ടായിരുന്നെങ്കിൽ പിന്നീടത് പകൽ 11 മണിക്ക് വന്ന് ഉച്ചവരെയായി. പിന്നീട് ഡോക്ടറുടെ സേവനം നിലച്ചു. ഒരു നഴ്സ് മാത്രമായി. എന്നാൽ, മൂന്നു വർഷം മുമ്പ് നഴ്സിന്റെ സേവനവും നിർത്തി. ഇപ്പോൾ നല്ല സൗകര്യമുള്ള ആശുപത്രി കെട്ടിടം കാടുപിടിച്ച് നശിക്കുകയാണ്. ആശുപത്രിക്കുള്ളിലെ കട്ടിൽ, മേശ ഉൾപ്പെടെ തുരുമ്പെടുക്കുന്നു. തൊഴിലാളികൾക്ക് അപകടംപറ്റുകയോ രോഗം വരുകയോ ചെയ്താൽ എസ്റ്റേറ്റിൽനിന്ന് 13 കിലോമീറ്റർ ദൂരത്തുള്ള പെരുവണ്ണാമൂഴി കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിക്കണം. കിടത്തിച്ചികിത്സ സൗകര്യം ലഭിക്കണമെങ്കിൽ 22 കിലോമീറ്റർ ദൂരത്തുള്ള പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിക്കണം.
ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഡോക്ടറുടെ സേവനം ലഭിച്ചിരുന്നെങ്കിൽ വലിയ സൗകര്യമായിരിക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്. മാനേജർക്ക് ഉൾപ്പെടെ നിരന്തരം പരാതി നൽകിയിട്ടും ഗൗനിക്കുന്നില്ലെന്ന് പറയുന്നു.
എസ്റ്റേറ്റിലേക്ക് കെ.എസ്.ആർ.ടി.സി ഉൾപ്പെടെ മൂന്നു ബസുകൾ സർവിസ് നടത്തിയിരുന്നു. എന്നാൽ, ഇപ്പോൾ ഒരു ബസുപോലും ഇല്ലാത്ത അവസ്ഥയാണ്. ഇത് തൊഴിലാളികളെ തെല്ലൊന്നുമല്ല വലക്കുന്നത്. കെ.എസ്.ആർ.ടി.സി സർവിസ് നിർത്തിയിട്ട് മൂന്നു വർഷമായി.
രണ്ടു സ്വകാര്യ ബസുകൾ കോവിഡ് വ്യാപനത്തിന് മുമ്പുവരെ ഉണ്ടായിരുന്നു. ഈ സ്വകാര്യ ബസുകൾ ഇപ്പോൾ മുതുകാട് ടൗൺ വരെ മാത്രമാണ് സർവിസ് നടത്തുന്നത്. മുതുകാട് ടൗണിൽനിന്ന് അഞ്ചു കിലോമീറ്ററോളം സഞ്ചരിച്ചാലാണ് എസ്റ്റേറ്റിൽ എത്തുക. രാവിലെയും വൈകീട്ടും രണ്ടു സ്വകാര്യ ബസുകൾ എസ്റ്റേറ്റിൽനിന്ന് പുറപ്പെടുകയും എസ്റ്റേറ്റിൽ എത്തുകയും ചെയ്തിരുന്നു. രാവിലെ പേരാമ്പ്രയിൽനിന്ന് വരുന്ന ബസിലായിരുന്നു തൊഴിലാളികൾ എസ്റ്റേറ്റിൽ എത്തിയിരുന്നത്. എസ്റ്റേറ്റിൽ താമസിക്കുന്ന തൊഴിലാളികളുടെ മക്കൾക്ക് കോളജിൽ പോകാനും മറ്റും രാവിലെ എസ്റ്റേറ്റിൽനിന്നു പുറപ്പെടുന്ന ബസ് വലിയ സൗകര്യമായിരുന്നു. ലോക്ഡൗണിനെ തുടർന്ന് നിർത്തിയ ബസ് പുനഃസ്ഥാപിക്കാത്തതു കാരണം വലിയ ബുദ്ധിമുട്ടാണ് തൊഴിലാളികൾ നേരിടുന്നത്. ബസ് സർവിസ് പുനഃസ്ഥാപിക്കാൻ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ പേരാമ്പ്ര ആർ.ടി.ഒക്ക് പരാതി നൽകിയിട്ടും നടപടിയൊന്നും കൈക്കൊണ്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.