കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട അന്തേവാസിക്കായി തിരച്ചിൽ തുടരുന്നതിനിടെ മറ്റൊരാൾകൂടി ചാടിപ്പോയി. മലപ്പുറം വണ്ടൂർ സ്വദേശിയായ 24കാരനാണ് ശനിയാഴ്ച ഉച്ചയോടെ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ യുവാവ് ഏഴാം വാർഡിലെ ശുചിമുറിയുടെ ജനൽ പൊളിച്ചാണ് രക്ഷപ്പെട്ടത്. ഇദ്ദേഹത്തിന്റെ അമ്മയും ഈ വാർഡിൽ ഉണ്ടായിരുന്നു.
തിങ്കളാഴ്ച ചാടിപ്പോയ കോഴിക്കോട് സ്വദേശിയായ 39കാരനായി വിവിധയിടങ്ങളിൽ അന്വേഷണം നടത്തുന്നതിനിടെയാണ് മറ്റൊരാൾ ചാടിപ്പോയത്. അതേസമയം, കോഴിക്കോട് സ്വദേശിക്കൊപ്പം രക്ഷപ്പെട്ട മലപ്പുറം സ്വദേശിനിയെ പിടികൂടി. മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങൾ പറയാനുണ്ടെന്നുപറഞ്ഞ് മലപ്പുറം ജില്ല കലക്ടറുടെ ക്യാമ്പ് ഓഫിസിലെത്തിയ ഇവരെ മലപ്പുറം വനിത സെല്ലിന്റെ സഹായത്തോടെയാണ് വീണ്ടും കുതിരവട്ടത്തെത്തിച്ചത്. സെല്ലിന്റെ ഭിത്തി സ്റ്റീൽ പാത്രമുപയോഗിച്ച് തുരന്നായിരുന്നു ഇവർ രക്ഷപ്പെട്ടത്.
തിങ്കളാഴ്ച ചാടിപ്പോയ കോഴിക്കോട് സ്വദേശിയെ ജില്ല ലീഗൽ സർവിസ് അതോറിറ്റിയാണിവിടെ പ്രവേശിപ്പിച്ചത്. കുളിക്കാൻ വാർഡിൽനിന്ന് പുറത്തിറങ്ങിയാണ് ഇയാൾ രക്ഷപ്പെട്ടത്. നടക്കാവ് സ്വദേശിയായ ഇദ്ദേഹം ഇതുവരെ വീട്ടിലെത്തിയിട്ടുമില്ല. രക്ഷപ്പെട്ടവർക്കായി മെഡിക്കൽ കോളജ് പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്തേവാസിയായ മഹാരാഷ്ട്ര സ്വദേശിനി കൊല്ലപ്പെട്ടതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ആരോഗ്യ കേന്ദ്രത്തിൽനിന്ന് ചാടിപ്പോവൽ തുടർക്കഥയായത്.
നൂറിലേറെ വനിത അന്തേവാസികളുള്ള ആരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് സുരക്ഷ ജീവനക്കാരില്ലാത്തതാണ് തുടരെ അന്തേവാസികൾ ചാടിപ്പോവുന്നതിന് കാരണമാകുന്നത് എന്നാണ് ആക്ഷേപം. വനിതകളുൾപ്പെടെ 20 സുരക്ഷ ജീവനക്കാരെയെങ്കിലും നിയമിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.എസ്. ഷിനുവിന്റെ നേതൃത്വത്തിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ പരിശോധന നടത്തിയിരുന്നു. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ നിർദേശ പ്രകാരം നടത്തിയ പരിശോധനയുടെ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കുമെന്നാണ് വിവരം. നേരത്തെ ജില്ല ജഡ്ജി പി. രാഗിണിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയ സംഘവും ആശുപത്രിയിലെ ജീവനക്കാരുടെ കുറവടക്കം ചൂണ്ടിക്കാട്ടി ഹൈകോടതിക്ക് റിപ്പോർട്ട് നൽകുമെന്നറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.