കോഴിക്കോട്: കെ.എസ്.ആർ.ടി.സി വ്യാപാര സമുച്ചയമുൾപ്പെടെ കോടികളുടെ ആസ്തി ഉടമസ്ഥാവകാശം കരാർ അടിസ്ഥാനത്തിൽ നിയമിച്ച ഉദ്യോഗസ്ഥന്. കെ.ടി.ഡി.എഫ്.സി പ്രിൻസിപ്പൽ പ്രോജക്ട് കൺസൽട്ടൻറ് (പി.പി.സി) എന്ന പേരിൽ നിശ്ചിത കാലത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന റിട്ട. സർക്കാർ ഉദ്യോഗസ്ഥനാണ് നിയമപരമായി വൻകിട പദ്ധതികളുടെ ഉടമ. ഇദ്ദേഹമാണ് വ്യാപാരകേന്ദ്രമുൾപ്പെടെ സ്ഥാപനങ്ങൾക്ക് ലീസിന് െകാടുക്കുന്ന രേഖകളിൽ ഒപ്പുവെക്കുന്നത്.
കോഴിക്കോട്, അങ്കമാലി, തിരുവല്ല, തമ്പാനൂർ എന്നിവിടങ്ങളിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സിക്കായി നിർമിച്ച വ്യാപാരസമുച്ചയങ്ങളുടെയും ബസ് ടെർമിനലിെൻറയും ഉടമസ്ഥാവകാശമാണ് പി.പി.സിക്കുള്ളത്. കെ.എസ്.ആർ.ടി.സിയെ സാമ്പത്തികമായി സഹായിക്കാൻ രൂപവത്കരിച്ച ധനകാര്യസ്ഥാപനമാണ് കെ.ടി.ഡി.എഫ്.സി. ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇതിെൻറ മാനേജിങ് ഡയറക്ടർമാരായി നിയമിക്കപ്പെടാറുള്ളത്്.
എം.ഡിമാരെ 'സുരക്ഷിതരാക്കാനാണ്' കരാർജീവനക്കാരനായ ഉദ്യോഗസ്ഥനെ ആസ്തി ഉടമയാക്കുന്നത്. കെടുകാര്യസ്ഥതയുടെ മാതൃകയായ സ്ഥാപനത്തിെൻറ അവസ്ഥയാണിത്. കെട്ടിട നിർമാണത്തിലെ വൻ വീഴ്ച കാരണം കോഴിക്കോട് കെ.എസ്.ആർ.ടി.സി 75കോടി ചെലവഴിച്ച് നിർമിച്ച വ്യപാരസമുച്ചയവും ബസ് ടെർമിനലും വീണ്ടും കോടികൾ ചെലവഴിച്ച് ബലപ്പെടുത്താൻ പോവുകയാണ്. ഗതാഗതവകുപ്പിനു കീഴിലുള്ള മറ്റൊരു വെള്ളാനയാണ് കെ.ടി.ഡി.എഫ്.സി എന്ന വിമർശനം വെറുതെയല്ല എന്നതിന് ഉദാഹരണമാണ് കരാർ നിയമനക്കാരനെ ആസ്തി ഉടമയാക്കുന്ന സ്ഥാപനത്തിെൻറ രീതി.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് മാറ്റം വിദഗ്ധ സമിതി റിപ്പോർട്ടിനുശേഷം
കോഴിക്കോട്: കെ.എസ്.ആർ.ടി.സി കെട്ടിട ബലക്ഷയം പരിഹരിക്കുന്നതിെൻറ ഭാഗമായി മാവൂർ റോഡിലെ ബസ്സ്റ്റാൻഡ മാറ്റുന്നതിനുള്ള നടപടികൾ വിദഗ്ധ സമിതി റിപ്പോർട്ടിനുശേഷം. ഐ.ഐ.ടി റിപ്പോർട്ട് പഠിക്കാൻ സർക്കാർ നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മതി സ്റ്റാൻഡ് മാറ്റമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ നിലപാട്.
തൊഴിലാളി സംഘടനകളും ഇതേ നിലപാടാണ് മാനേജ്മെൻറിനെ അറിയിച്ചിരിക്കുന്നത്. അടുത്തമാസം ആറിന് കണ്ണൂരിൽ ചേരുന്ന കെ.എസ്.ആർ.ടി സി ഉന്നതതല മേഖലയോഗത്തിൽ പ്രധാന അജണ്ടയാണീ വിഷയം.
മൊഫ്യൂസിൽ ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ച് കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവിസുകൾ നടത്താനും മാനാഞ്ചിറ, നടക്കാവ് റീജനൽ വർക്ഷോപ്പ് എന്നിവ കേന്ദ്രീകരിച്ച് ലോക്കൽ സർവിസുകൾ നടത്താനുമാണ് സാധ്യത. കോഴിക്കോട് കോർപറേഷനാണ് മൊഫ്യൂസിൽ സ്റ്റാൻഡിൽ അനുമതി നൽകേണ്ടത്. ജില്ല കലക്ടർ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ഇതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് സർക്കാർ നിർദേശം. സെപ്റ്റംബർ 23ന് ചേർന്ന ഉന്നതതല യോഗം ഇതിനായി ജില്ല കലക്ടർക്ക് നിർദേശം നൽകാൻ തീരുമാനിച്ചിരുന്നു. കലക്ടർ ഇതുവരെ യോഗം വിളിച്ചിട്ടില്ല.
ബലക്ഷയം പരിഹരിക്കാൻ നാലു മാസംവരെ വേണ്ടിവരുമെന്നാണ് മദ്രാസ് ഐ.ഐ.ടി അധികൃതർ കെ.ടി.ഡി.എഫ്.സിയെ അറിയിച്ചിരിക്കുന്നത്. ആറു മാസത്തേക്ക് സ്റ്റാൻഡും വ്യാപാരസ്ഥാപനങ്ങളും ഇവിടെനിന്ന് ഒഴിപ്പിക്കും. ബലപ്പെടുത്തൽ പ്രവൃത്തിക്കുശേഷം ബസ് സ്റ്റാൻഡ് ഇവിടെ പുനഃസ്ഥാപിക്കില്ലെന്ന ആശങ്ക തൊഴിലാളി സംഘടനകൾ ഉന്നയിച്ചിരുന്നു. തിരിച്ചുവരുന്നത് സംബന്ധിച്ച വ്യക്തത വരുത്തിയിട്ടേ സ്റ്റാൻഡ് മാറ്റാവൂ എന്നാണ് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ബസ്സ്റ്റാൻഡ് മാറ്റം സംബന്ധിച്ച് സർക്കാറിന് നൽകാനുള്ള റിപ്പോർട്ട് തയാറാവുന്നതേയുള്ളൂവെന്ന് കെ.എസ്.ആർ.ടി.സി വടക്കൻ മേഖല എക്സിക്യൂട്ടിവ് ഡയറക്ടർ െക.ടി. സെബി മാധ്യമത്തോടു പറഞ്ഞു.
പെട്രോൾ പമ്പ് പ്രവർത്തനം 24 മണിക്കൂറാക്കി
കോഴിക്കോട്: കെ.എസ്.ആർ.ടി.സി ടെർമിനൽ വളപ്പിലെ പെട്രോൾപമ്പിെൻറ പ്രവർത്തനം 24 മണിക്കൂറാക്കി. കഴിഞ്ഞ ദിവസം മുതലാണ് രാപകൽ ഒരുപോലെ പ്രവർത്തനം. സെപ്റ്റംബർ 16നാണ് പൊതുജനങ്ങൾക്കായി പെട്രോൾ പമ്പ് ഉദ്ഘാടനം ചെയ്തത്. രാത്രിയിൽ കൂടുതൽ വാഹനങ്ങൾ എത്തുന്നതിനാലാണ് മുഴുസമയം പ്രവർത്തിക്കാൻ തീരുമാനിച്ചത്.
ഇന്ത്യൻ ഓയിലിെൻറ പമ്പിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ ഷിഫ്റ്റ് ആയാണ് ഇവിടെ ജോലി ചെയ്യുന്നത്. ബസ്സ്റ്റാൻഡ് കെട്ടിടം ബലപ്പെടുത്തൽ പ്രവൃത്തിയുടെ ഭാഗമായി പെട്രോൾ പമ്പ് ഇവിെടനിന്ന് മാറ്റുമോ എന്നകാര്യത്തിൽ വ്യക്തതയില്ല. മാവൂർ റോഡിൽനിന്ന് പടിഞ്ഞാറു ഭാഗത്തെ റാംപ് വഴിയാണ് പെട്രോൾ പമ്പിലേക്ക് വാഹനങ്ങൾ വരുന്നത്. കിഴക്കുഭാഗത്തെ റാംപിലടക്കം വിള്ളൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.