കോഴിക്കോട്: ലോകത്തിനാകെ മാതൃകയായ ഉദയം പദ്ധതിയെ കൂടുതല്‍ ആളുകളിലേക്കെത്തിക്കാൻ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കാമ്പയിൻ. ഉദയത്തിലെ അന്തേവാസികളുടെ ക്ഷേമത്തിനായി ധനസമാഹരണത്തിനും വിദ്യാർഥികളില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്താനുമായി ജനുവരി 31നാണ് കാമ്പയിന് നടത്തുക. ‘തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോടിനായി ഒരു ദിവസം’ എന്നാണ് കാമ്പയിന്റെ പേര്.
ജില്ലയിലെ 150 ഓളം കാമ്പസുകളില്നിന്നായി 15,000 ത്തോളം വിദ്യാർഥികള്‍ കാമ്പയിനിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. കോർപറേഷന്, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലത്തില്‍ ധനസമാഹരണത്തിനായി വിദ്യാർഥികള്‍ തെരുവിലേക്കിറങ്ങും. വിവിധ കോളജുകളിലെ എന്‍.എസ്.എസിന്റെ സഹകരണത്തോടെയാണ് കാമ്പയിന് സംഘടിപ്പിക്കുന്നതെന്നും പദ്ധതിക്കുവേണ്ടി ജനങ്ങൾകൂടി കൈകോർക്കണമെന്നും കലക്ടർ സ്നേഹിൽ കുമാർ സിങ് ആവശ്യപ്പെട്ടു.
തെരുവിൽ കഴിയുന്നവർ, ആശ്രയമില്ലാത്തവർ, വിവിധ കാരണങ്ങളാൽ സമൂഹത്തിൽ ഒറ്റപ്പെട്ട് പോയവർ തുടങ്ങിയവരെ പുനരധിവസിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ പദ്ധതിയാണ് ജില്ലയിലെ ഉദയം ഹോം. കോവിഡ് ലോക് ഡൗണിനെ തുടര്‍ന്ന് വിവിധ കാരണങ്ങളാല്‍ തെരുവോരങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ മുഴുവൻ പുനരധിവസിപ്പിക്കുന്നതിനായി അന്നത്തെ കലക്ടർ ആവിഷ്കരിച്ചതാണ് ഉദയം പദ്ധതി.
ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സാമൂഹിക നീതി വകുപ്പിന്റെയും ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിന്റെയും സഹായത്തോടെ 2020 മാർച്ച് 24നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വെള്ളിമാടുകുന്ന്, ചേവായൂര്‍, വെസ്റ്റ്ഹില്‍ എന്നിവിടങ്ങളിലായാണ് ഉദയം ഹോം പ്രവര്‍ത്തിക്കുന്നത്.
അന്തേവാസികളുടെ പുനരധിവാസത്തിനായി സോഷ്യൽ വർക്കേഴ്സ്, സൈക്കോളജിസ്റ്റ്, നഴ്സിങ് ഓഫിസേഴ്സ്, കെയർ ടേക്കേഴ്സ് എന്നിവരുടെ സേവനവും ലഭ്യമാണ്. നിലവിൽ മൂന്ന് ഹോമുകളിലുമായി 220 അന്തേവാസികളാണുള്ളത്. തെരുവിൽ കഴിഞ്ഞ 2000 പേരെ ഇതുവരെ ‘ഉദയം’ പുനരധിവസിപ്പിച്ചുകഴിഞ്ഞു.
ഇതിനകം 250ഓളം അന്തേവാസികളെ വീടുകളിൽ തിരിച്ചെത്തിച്ചു. ഹോമില്‍ എത്തുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം, താമസം, ഭക്ഷണം, ചികിത്സ, അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തുന്നുണ്ട്.
നിലവിൽ മൂന്ന് ഹോമുകളിലെയും അന്തേവാസികളുടെ ഭക്ഷണം, ശാരീരിക, മാനസിക ആരോഗ്യ പരിരക്ഷ, കൗൺസലിങ്, കിടപ്പാടം എന്നിവക്കായി വർഷം 1.8 കോടി രൂപയാണ് ചെലവ് വരുന്നത്. ധനസമാഹരണം കൂടി ലക്ഷ്യം വെച്ചുകൊണ്ട് നടത്തുന്ന കാമ്പയിൻ വൻവിജയമാക്കാൻ ജില്ലയിലെ മുഴുവൻ ആളുകളും സഹകരിക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.