കോഴിക്കോട്: മെഡിക്കൽ കോളജ് കാമ്പസിലെ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ജേണലിസം കോമ്പിനേഷനുള്ള കോഴ്സ് ആരംഭിച്ചിട്ട് 20 വർഷം കഴിയുന്നു. എന്നാൽ, ഇതുവരെയും ഈ കോഴ്സിലെ അധ്യാപക തസ്തികക്ക് അംഗീകാരമായിട്ടില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടും താൽക്കാലിക അധ്യാപകരെവെച്ചാണ് ഈ വിദ്യാലയം കോഴ്സ് നടത്തിയത്.
ഹയർ സെക്കൻഡറിയിലെ നാല് കോമ്പിനേഷനുകളിലായി അഞ്ച് ബാച്ചുകളാണ് ഈ സ്കൂളിലുള്ളത്. ഇതിൽ കോഡ് 34 പ്രകാരമുള്ള സോഷ്യോളജി, ജേണലിസം, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് കോമ്പിനേഷനിലെ ഹ്യുമാനിറ്റീസ് ബാച്ചിലാണ് സ്ഥിരം അധ്യാപകരില്ലാത്തത്. സയൻസിൽ (കോഡ് 1) രണ്ടു ബാച്ചും കോമേഴ്സിൽ (കോഡ് 37, 39) രണ്ടു ബാച്ചുമാണ് ഇതു കൂടാതെയുള്ളത്. മറ്റു ബാച്ചുകളിലെ എല്ലാ തസ്തികകൾക്കും സർക്കാർ അംഗീകാരം നൽകിയെങ്കിലും അതോടൊപ്പം ആരംഭിച്ച ഹ്യുമാനിറ്റീസ് ജേണലിസം ബാച്ചിനാണ് 20 വർഷം കഴിഞ്ഞിട്ടും സ്ഥിരംതസ്തിക അനുവദിക്കാത്തത്.
65 വിദ്യാർഥികളാണ് ഈ വർഷവും പ്ലസ് വണ്ണിൽ അഡ്മിഷൻ നേടിയത്. പ്ലസ് ടു ബാച്ചിലും 65 വിദ്യാർഥികളുണ്ട്. എല്ലാ വർഷവും പത്രങ്ങളിൽ അറിയിപ്പ് നൽകി ഇന്റർവ്യു നടത്തി താൽക്കാലിക അധ്യാപകരെ നിയമിച്ചാണ് ബാച്ച് നടത്തിപ്പോരുന്നത്. ഇതുമൂലം അധ്യയന വർഷത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും അധ്യാപകരുടെ സേവനം വിദ്യാർഥികൾക്ക് ലഭിക്കാതെ പോകുന്നു. ക്ലാസുകൾ തുടങ്ങി ഒരു മാസമെങ്കിലും കഴിയുമ്പോഴാണ് അധ്യാപകരെ താൽക്കാലികമായി നിയമിക്കുക. ഫെബ്രുവരി ഒടുവിൽ ഇവരുടെ സേവനവും അവസാനിപ്പിക്കും. മാധ്യമപഠനത്തിലെ ഏറ്റവും പ്രധാനമായ പ്രായോഗിക പരിശീലനം അവസാന ഘട്ടത്തിലാണ് നടക്കേണ്ടത്. എന്നാൽ, ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് സുപ്രധാനമായ പാഠങ്ങൾ നഷ്ടമാകുന്നു.
ജേണലിസം തസ്തികയുടെ അംഗീകാരത്തിനായി വർഷങ്ങളായി വിദ്യാർഥികളും രക്ഷിതാക്കളും മുട്ടാത്ത വാതിലുകളില്ല. ഈ വർഷവും പതിവുപോലെ പി.ടി.എ വിദ്യാഭ്യാസ വകുപ്പിനും ഹയർ സെക്കൻഡറി അധികാരികൾക്കും പരാതി നൽകി. അതിനിടയിൽ തസ്തിക അനുവദിക്കുന്നത് വൈകുന്നതിന്റെ കാരണം ചോദിച്ച് റീജനൽ ഡെപ്യൂട്ടി ഡയറക്ടർക്ക് (ആർ.ഡി.ഡി) ഗവ. സെക്രേട്ടറിയറ്റിൽനിന്ന് നോട്ടീസ് കിട്ടിയിരുന്നു. തസ്തിക അനുവദിക്കേണ്ടത് അനിവാര്യമാണെന്ന് കാണിച്ച് തുടർ നടപടികൾക്കായി ആർ.ഡി.ഡി സർക്കാറിന് മറുപടി നൽകിയെങ്കിലും നടപടിയുമില്ലാതെ പിന്നെയും വൈകുകയാണ്.
സംസ്ഥാനത്ത് ഇതേ കോമ്പിനേഷനിൽ കോഴ്സുള്ള മറ്റെല്ലാ വിദ്യാലയത്തിലും തസ്തിക അനുവദിച്ചിട്ടുണ്ടെങ്കിലും കോഴിക്കോട് മെഡി. കോളജ് കാമ്പസ് ഹയർ സെക്കൻഡറി സ്കൂളിനോട് ചിറ്റമ്മനയമാണ് സർക്കാർ കാണിക്കുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.