കോഴിക്കോട്: തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യ ശേഖരണവും സംസ്കരണവുമായി ബന്ധപ്പെട്ട് കൃത്രിമങ്ങൾ തടയാൻ നടപടിയാവും. തദ്ദേശസ്ഥാപനങ്ങൾ മാലിന്യം സ്വകാര്യ ഏജൻസികൾക്ക് കൈമാറുന്നതിന് ഫണ്ട് വകയിരുത്തുന്നത് കുറ്റമറ്റതാക്കും. ഇനി മുതൽ തദ്ദേശസ്ഥാപനങ്ങൾ ഈ ഇനത്തിൽ വകയിരുത്തുന്ന ഫണ്ടും വർഷം തോറും ഏജൻസികൾക്ക് കൈമാറുന്ന മാലിന്യത്തിന്റെ അളവും കൃത്യമായി കണക്കെടുത്ത് വിലയിരുത്തും.
ജില്ല കലക്ടറുടെ നേതൃത്വത്തിൽ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങളിൽ വിറ്റു പണമാക്കാൻ കഴിയാത്തവയാണ് പണം നൽകി സ്വകാര്യ ഏജൻസികൾക്ക് കൈമാറുന്നത്. ഇതിനായി ഫണ്ട് വകയിരുത്താറുണ്ട്. ഈ ഫണ്ട് വകയിരുത്തുന്ന നടപടി കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കും. ഓരോ തദ്ദേശ സ്ഥാപനവും ഒരു വർഷം ശരാശരി എത്ര ടൺ മാലിന്യം ഏജൻസികൾക്ക് കൈമാറുന്നു എന്നതിന്റെ കണക്കെടുക്കും.
ഇത്തരത്തിൽ കഴിഞ്ഞ വർഷത്തെ മാലിന്യത്തിന്റെ കണക്ക് ഉടൻ ശേഖരിക്കും. കണക്ക് ലഭ്യമായാൽ മാലിന്യം ശേഖരിക്കുന്ന ഏജൻസികൾക്ക് നൽകാനായി നേരത്തെ തന്നെ വേണ്ടത്ര ഫണ്ട് നീക്കിവെക്കാൻ കഴിയും. തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പണം കൈപ്പറ്റി എടുക്കുന്ന മാലിന്യങ്ങൾ കൊണ്ടുപോകാൻ ഏജൻസി മറ്റ് കമ്പനികൾക്ക് ഉപകരാർ നൽകുമ്പോൾ മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജി.പി.എസ് ഉറപ്പാക്കണമെന്ന് ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് ഓർമിപ്പിച്ചു. ഉപകരാർ ഏറ്റെടുക്കുന്ന ഏജൻസികൾ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ സംസ്കരിക്കുന്നതിനു പകരം വിജനമായ സ്ഥലങ്ങളിൽ കൊണ്ടുതള്ളുകയാണെന്നും ആരോപണം നിലനിൽക്കുന്നുണ്ട്.
ജില്ലയിലെ 78 തദ്ദേശസ്ഥാപനങ്ങളിൽ നിന്നായി 11 ഏജൻസികളാണ് മാലിന്യം എടുക്കുന്നത്. ഇതിൽ ക്ലീൻ കേരള കമ്പനി ഒഴികെ എല്ലാം സ്വകാര്യ ഏജൻസികളാണ്. ഓരോ തദ്ദേശ സ്ഥാപനത്തിൽ നിന്നും മാലിന്യം എടുക്കുന്നത് സംബന്ധിച്ച് ലിഫ്റ്റിങ് പ്ലാൻ നിലവിലുള്ളതായും അതനുസരിച്ചാണ് മാലിന്യം കൊണ്ടുപോകുന്നതെന്നും ഏജൻസി പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ ടി.ജെ. അരുൺ, അസിസ്റ്റന്റ് ഡയറക്ടർ പൂജ ലാൽ, ശുചിത്വമിഷൻ ജില്ല കോഓഡിനേറ്റർ എം. ഗൗതമൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.