കോഴിക്കോട്: മലബാറിൽ ട്രെയിൻയാത്രികരുടെ പ്രശ്നങ്ങൾ ദിനേനയെന്നോണം കൂടുന്നു. പ്രതിസന്ധിയുടെ പാളത്തിലാണ് യാത്രികർ ഓരോ ദിവസവും തള്ളിനീക്കുന്നത്. പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസായി മാറിയതോടെ സാധാരണക്കാരായ യാത്രക്കാർക്ക് ഫലത്തിൽ ട്രെയിൻ യാത്ര അപ്രാപ്യമായ അവസ്ഥയാണ്.
ചെറിയ ശമ്പളത്തിന് ജോലിചെയ്യുന്നവർ സ്ഥിരമായി ആശ്രയിച്ച ട്രെയിനുകൾ ഇപ്പോൾ എക്സ്പ്രസുകൾ എന്ന പേരിൽ നിരക്ക് കൂട്ടിയാണ് ഓടുന്നത്. കൂലി കിട്ടിയാലും വണ്ടിക്കൂലി ഒക്കാത്ത അവസ്ഥ. കോവിഡിന് മുമ്പത്തെ ലോക്കൽ ട്രെയിനുകൾ മുഴുവൻ പുനഃസ്ഥാപിച്ചിട്ടുമില്ല. ഹാൾട്ട് സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിക്കാത്തതും പ്രതിസന്ധിയാണ്.
മലബാറിലാണ് ഇതിന്റെ ദുരിതം ഏറെ അനുഭവിക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. പ്രത്യേകിച്ച് കോഴിക്കോട് നിന്ന് കണ്ണൂർ, കാസർകോട് മേഖലകളിലേക്ക് പോകുന്ന പതിവ് യാത്രക്കാർ കടുത്ത പ്രതിസന്ധിയിലാണ്. പകൽ കണ്ണൂർ കടന്നുപോകുന്ന പാസഞ്ചർ ട്രെയിനുകൾ വളരെ കുറവാണ്. കോയമ്പത്തൂർ-മംഗളൂരു, കോയമ്പത്തൂർ- കണ്ണൂർ ലോക്കൽ ട്രെയിനുകൾ എക്സ്പ്രസ് ആയി മാറിയത് വലിയ നഷ്ടമാണ് മലബാർ മേഖലയിലെ യാത്രക്കാർക്ക്.
പഴയപോലെ പാസഞ്ചർ ട്രെയിനുകൾ അനുവദിക്കണമെന്നാണ് ആവശ്യം. ഈ മാസം 20ന് പാലക്കാട് ഡിവിഷന് കീഴിലെ ജനപ്രതിനിധികളുടെ യോഗം സതേൺ റെയിൽവേ വിളിച്ചിട്ടുണ്ട്. ഓൺലെനിലാണ് യോഗം. ജനങ്ങളുടെ ദുരിതം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ എം.പിമാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് ആവശ്യം. മുതിർന്ന പൗരൻമാരുടെ യാത്രനിരക്കിളവ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
എക്സ്പ്രസ് ട്രെയിനുകളിൽ പേരിന് രണ്ടോ നാലാ ജനറൽ കമ്പാർട്ട്മെന്റുകളാണുള്ളത്. കോവിഡ് പടരുന്നതിനിടയിലും ഈ കമ്പാർട്ട്മെന്റുകളിൽ യാത്രക്കാരെ കുത്തിനിറച്ചാണ് കൊണ്ടുപോവുന്നത്. ഇത് രോഗവ്യാപനത്തിന് കാരണമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനിടെ, ലോകോ പൈലറ്റുമാർക്ക് കോവിഡ് ബാധിച്ചു എന്ന കാരണം ട്രെയിൻ സർവിസ് നിർത്തിവെച്ചത് മലബാറിലെ യാത്രക്കാർക്ക് ഇരട്ടി പ്രതിസന്ധിയായി.
പാലക്കാട് ഡിവിഷനുകീഴിൽ ഷൊര്‍ണൂര്‍-കണ്ണൂര്‍ അണ് റിസര്‍വ്ഡ് എക്സ്പ്രസ് (no.06023) കണ്ണൂര്‍-ഷൊര്‍ണൂര്‍ അണ് റിസര്‍വ്ഡ് എക്സ്പ്രസ് (06024), കണ്ണൂര്‍-മംഗളൂരു അണ് റിസര്‍വ്ഡ് എക്സ്പ്രസ് (06477), മംഗളൂരു-കണ്ണൂര്‍ അണ് റിസര്‍വ്ഡ് എക്സ്പ്രസ് (06478), കോഴിക്കോട്-കണ്ണൂര്‍ അണ് റിസര്‍വ്ഡ് എക്സ്പ്രസ് (06481), കണ്ണൂര്‍-ചെറുവത്തൂര്‍ അണ് റിസര്‍വ്ഡ് എക്സ്പ്രസ് (06469), ചെറുവത്തൂര്‍-മംഗളൂരു അണ് റിസര്‍വ്ഡ് എക്സ്പ്രസ് (06491), മംഗളൂരു-കോഴിക്കോട് എക്സ്പ്രസ് (16610) എന്നിവയാണ് മുടങ്ങിയത്. ആവശ്യത്തിന് ലോകോപൈലറ്റുമാരില്ലാത്തതാണ് ട്രെയിൻ നിർത്തിവെക്കേണ്ട വിചിത്ര നടപടി സ്വീകരിക്കേണ്ടി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.