കോഴിക്കോട്: ട്രാൻസ്ജെന്റേഴ്സിന്റെ തുടർ ചികിത്സക്ക് മാനദണ്ഡങ്ങളിൽ അയവുവരുത്തി സർക്കാർ ഉത്തരവ്. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ ട്രാൻസ്ജെന്റേഴ്സിന്റെ തുടർചികിത്സക്ക് ധനസഹായം അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ ഭേദഗതി വരുത്തിയാണ് സർക്കാർ ഉത്തരവിറങ്ങിയത്.
ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവരും സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരുമായ ട്രാൻസ് വ്യക്തികൾക്ക് പ്രതിമാസം 3000 രൂപ ഒരു വർഷക്കാലം അനുവദിക്കുന്നതിലാണ് ഭേദഗതി വരുത്തിയത്.
18 നും 40നും മധ്യേയുള്ളവർക്കായിരുന്നു ആനുകൂല്യം നൽകിയിരുന്നത്. ഇനിമുതൽ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത 18 വയസ്സു പൂർത്തിയായ എല്ലാ വ്യക്തികൾക്കും ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കും. അപേക്ഷിക്കുന്ന വ്യക്തികൾക്ക് ട്രാൻസ്ജെൻഡർ ഐ.ഡി കാർഡ്, മേൽവിലാസം തെളിയിക്കുന്ന ഔദ്യാഗിക രേഖ ഉണ്ടായിരിക്കണം. ലിംഗമാറ്റ ശസ്ത്രക്രിയ റിപ്പോർട്ടും ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ സാക്ഷ്യപത്രവും ആനുകൂല്യത്തിന് ഹാജരാക്കണം. സാമൂഹിക നീതി വകുപ്പ് ഡയറക്ടർ സമർപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ട്രാൻസുകൾ അനുഭവിക്കുന്ന ശാരീരിക, മാനസിക പ്രയാസങ്ങൾക്ക് ആശ്വാസമേകാൻ ശസ്ത്രക്രിയകൾ അനിവര്യമാണ്.
സർക്കാറിന്റെ പുതിയ ആഫ്റ്റർകെയർ ഉത്തരവ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നാൽപതു കഴിഞ്ഞ ട്രാൻസുകൾക്ക് ഏറെ ഗുണപ്രദമാകുമെന്ന് ട്രാൻസ് ആക്ടിവിസ്റ്റ് എസ്. ദീപറാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.