കോഴിക്കോട്: റോഡ് നവീകരണമെന്ന സദ്പ്രവൃത്തിയും മരംമുറിയെന്ന ക്രൂരതയും ഒരുമിച്ച് നടത്തുകയാണ് പൊതുമരാമത്ത് വകുപ്പ്. ജില്ലയിൽ സാധാരണ റോഡ് മുതൽ ദേശീയപാത വരെയുള്ള വികസനത്തിനായി നിർബന്ധമായും മുറിക്കേണ്ടവക്ക് പുറമെ നിരുപദ്രവകാരികളായ മരങ്ങളും വെട്ടിവീഴ്ത്തുകയാണ്.
കോടികൾ വിലയുള്ള മരങ്ങൾ ചുളുവിൽ തട്ടിയെടുക്കാൻ പ്രത്യേക ലോബിയും രംഗത്തുണ്ട്. നൂറ്റാണ്ടോളം പ്രായമുള്ള, ചരിത്രത്തിനൊപ്പം തലയുയർത്തി നിന്ന മരങ്ങൾ വെട്ടിയിട്ടത് കാണണമെങ്കിൽ കൊയിലാണ്ടി - താമരശ്ശേരി - എടവണ്ണ സംസ്ഥാന പാതയിലൂടെ സഞ്ചരിച്ചാൽ മതി. റോഡ് വീതി കൂട്ടുമ്പോൾ ചില മരങ്ങൾ മുറിച്ചു മാറ്റേണ്ടത് അത്യാവശ്യമാണ്. എന്നാൽ റോഡിന്റെ അതിരുകളിൽ ആർക്കും ഉപദ്രവമില്ലാത്ത മരങ്ങളും നിലംപതിച്ചു കഴിഞ്ഞു.
സംരക്ഷിത മരങ്ങളിൽപെടുന്ന നാട്ടുമാവുകൾ നിറഞ്ഞതായിരുന്നു ഈ സംസ്ഥാനപാത. മാവിൻ ചോട്, ചീനി മുക്ക് തുടങ്ങി മരങ്ങളുടെ പേരിൽ അറിയപ്പെടുന്ന ബസ് സ്റ്റോപുകളും ഈ റൂട്ടിലുണ്ട്. ചരിത്രം പേറുന്ന ഈ വൃക്ഷ മുത്തശ്ശികൾക്കെല്ലാം കോടാലി വീണു. വാകയുൾപ്പെടെ അപകടസാധ്യതയുള്ള മരങ്ങൾ മുറിക്കണമെന്ന് നേരത്തേ ആവശ്യമുയർന്നിരുന്നു. എന്നാൽ, എല്ലാ മരങ്ങളും വേരോടെ പിഴുതിരിക്കുകയാണ്.
തണൽ വിരിച്ച മരങ്ങൾ ഇല്ലാതായതോടെ അങ്ങാടികളും നിരത്തുകളും മരുഭൂമിക്ക് തുല്യമായി. പരിസ്ഥിതി സംഘടനകളടക്കം ആരുടെയും എതിർപ്പില്ലാതെയാണ് റോഡരികിലെ മരങ്ങൾ വെട്ടിയത്. വനം വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗമാണ് റോഡരികിലെ മരം മുറിക്കാൻ അനുവദിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ അടയാളപ്പെടുത്തി, വിലയിട്ട് നൽകുന്ന മരങ്ങളാണ് പൊതുമരാമത്ത് വകുപ്പ് ലേലം ചെയ്തു വിൽക്കുന്നത്. എന്നാൽ, ഈ ലേലത്തിൽ കൃത്യതയും സുതാര്യതയുമില്ലെന്ന ആക്ഷേപം ശക്തമാണ്. ഈട്ടി, തേക്ക് തുടങ്ങിയ രാജകീയ വൃക്ഷങ്ങൾക്ക് നിലവിലുള്ള വില ലഭിക്കാറില്ല. വനംവകുപ്പ് അടയാളപ്പെടുത്താത്ത മരങ്ങളും മുറിച്ചു നീക്കിയിട്ടുണ്ട്. നവീകരണത്തിന് തടസ്സമാകാത്ത മരങ്ങളും ഇതിലുൾപ്പെടും.
കോഴിക്കോട് ബൈപാസ് ആറുവരിയാക്കുന്നതിന്റെ ഭാഗമായി ഇടിമൂഴിക്കൽ മുതൽ വെങ്ങളം വരെയുള്ള 28 കിലോമീറ്ററിലെ 3354 മരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട്. സംസ്ഥാനപാതകളിൽനിന്ന് വ്യത്യസ്തമായി വീതികൂട്ടുന്നതിന് ആവശ്യമായ മരങ്ങൾ മാത്രമാണ് ദേശീയപാതയിൽ മുറിച്ചുമാറ്റിയത്. പന്തീരാങ്കാവ് മുതൽ രാമനാട്ടുകര വരെയായിരുന്നു ഏറ്റവും കൂടുതൽ മരങ്ങളുണ്ടായിരുന്നത്. പകരം മരങ്ങൾ വെച്ചുപിടിപ്പിക്കാൻ സാമൂഹിക വനവത്കരണ വിഭാഗത്തിന് 1.60 കോടി രൂപ ദേശീയപാത അതോറിറ്റി കൈമാറിയിട്ടുണ്ട്. അഴിയൂർ-വെങ്ങളം റീച്ചിലെ ദേശീയപാത നവീകരണത്തിന്റെ ഭാഗമായും തണൽ മരങ്ങൾക്ക് കോടാലി വീണു. സംസ്ഥാന പാതകളിൽ ഇതിനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടില്ലെന്നാണ് വനംവകുപ്പിൽ നിന്നുള്ള വിവരം. മുറിച്ചുമാറ്റിയതിന്റെ പത്തിരട്ടി മരങ്ങൾ വെച്ചുപിടിപ്പിക്കണമെന്നാണ് ചട്ടം.
എന്നാൽ, റോഡിന് വീതി കൂടുന്നതോടെ മരം വെച്ചുപിടിപ്പിക്കാൻ സ്ഥലമില്ലെന്നതാണ് യാഥാർഥ്യം. ഉങ്ങ്, ബദാം തുടങ്ങിയ തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, കുണ്ടുപറമ്പ്-കാരപ്പറമ്പ് മിനി ബൈപാസ് റോഡിൽ നടപ്പാതയിൽ നട്ട മരങ്ങൾ മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യമുയർത്തിയിട്ടുണ്ട്. യാത്രക്കാർക്ക് ഭീഷണിയാണെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.