കോഴിക്കോട്: നഗരത്തിലെ കെട്ടിടത്തിന് തീപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. പുതിയപാലത്തെ ഹിന്ദുസ്ഥാൻ ആർക്കേഡിന്റെ രണ്ടുനിലകളിലായാണ് ബുധനാഴ്ച പുലർച്ചെയോടെ തീപിടിത്തമുണ്ടായത്. ആളപായമില്ല. മൊത്ത വസ്ത്രവ്യാപാര കേന്ദ്രവും ഗോൾഡ് കവറിങ് സ്ഥാപനവുമായണ് പൂർണമായും അഗ്നിക്കിരയായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് സംശയം. നാലുനിലകളുള്ള കെട്ടിടത്തിന്റെ എറ്റവും താഴെ നിലയിൽ പ്രിന്റിങ് പ്രസും ഷീറ്റിട്ട ഏറ്റവും മുകളിലെ നിലയിൽ ആളുകൾ താമസിക്കുകയുമായിരുന്നു. രണ്ടാം നിലയിൽ പൊന്നാനി സ്വദേശികളായ ഇല്യാസ്, എൻ. മുഹസിൻ എന്നിവർ ചേർന്ന് നടത്തുന്ന സാഫ് എന്റർപ്രൈസസാണ് കത്തിനശിച്ച ഒരു സ്ഥാപനം. ഡി.സി കാഷ്വൽസിന്റെ ഷർട്ടുകൾ മൊത്തമായി കടകളിലെത്തിക്കുന്ന സ്ഥാപനമാണിത്.
ഓണത്തിന് മുന്നോടിയായി സംഭരിച്ച വസ്ത്രങ്ങളാണ് പൂർണമായും കത്തിനശിച്ചത്. ഷർട്ടുകൾ സൂക്ഷിച്ച റാക്കുകൾ, പെട്ടികൾ എന്നിവയും ഫർണിച്ചറുകളും ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചവയിൽപെടും. 25 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് ഉടമകൾ പറഞ്ഞു.
തൊട്ടുമുകളിലെ നിലയിൽ അഗ്നിക്കിരയായ ഗോൾഡ് കവറിങ് സ്ഥാപനം പന്നിയങ്കര സ്വദേശി കെ. അബ്ദുൽ ലത്തീഫിന്റെതാണ്. ഇവിടത്തെ യന്ത്രസംവിധാനങ്ങളും ഫർണിച്ചറുകളും അടക്കമുള്ളവയാണ് കത്തിയത്. എഴുലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് ലത്തീഫ് പറഞ്ഞു. അതേസമയം, ആളുകൾ വാടകക്ക് താമസിച്ച ഏറ്റവും മുകളിലെ ഭാഗത്തേക്ക് തീപടർന്നിട്ടില്ല. കെട്ടിടത്തിൽനിന്ന് പുക ഉയരുന്നത് കണ്ടതോടെ താമസക്കാർ പുറത്തേക്ക് ഇറങ്ങുകയും ബീച്ച് അഗ്നിരക്ഷസേനയിൽ വിവരം അറിയിക്കുകയുമായിരുന്നു. മൂന്ന് യൂനിറ്റെത്തിയാണ് തീയണച്ചത്. റോഡിനോട് ചേർന്നുള്ള കെട്ടിടമായതിനാൽ ഫയർ എൻജിൻ വാഹനത്തിന് പെട്ടെന്ന് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങാനായി. ഇതാണ് തീ പെട്ടെന്ന് നിയന്ത്രിക്കുന്നതിനും കെട്ടിടത്തിലെ മറ്റുഭാഗങ്ങളിലേക്കും തൊട്ടടുത്തുള്ള ഗോഡൗണുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങളിലേക്കും തീപടരാനുള്ള സാധ്യത ഇല്ലാതാക്കിയത്.
തീപിടിത്തത്തിൽ കെട്ടിടത്തിനും കാര്യമായ നാശമുണ്ടായി. തീപിടിച്ച ഭാഗങ്ങളിലെ സിമന്റ് പ്ലാസ്റ്ററിങ് അടർന്നുവീഴുകയും മുൻവശത്തെ ചില്ലുകൾ പൂർണമായും തകരുകയും ചെയ്തു. ഈ ഇനത്തിലും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഇലക്ട്രിക്കൽ വിഭാഗത്തിന്റെ പരിശോധനക്കുശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്ന് ബീച്ച് അഗ്നിരക്ഷ സേന സ്റ്റേഷൻ ഓഫിസർ കെ. അരുൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.