ഉള്ള്യേരി: വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ടീച്ചറും കുടുംബവും സഞ്ചരിച്ച കാറിനുനേരെ സ്വകാര്യ ബസ് ജീവനക്കാർ അക്രമം നടത്തുകയും സ്ത്രീകൾ അടക്കമുള്ള യാത്രികരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതി. ശനിയാഴ്ച രാവിലെ പത്തരയോടെ ഉള്ള്യേരി ടൗൺ ജങ്ഷനിലാണ് സംഭവം.
സംഭവത്തിൽ ഉള്ള്യേരി-കോഴിക്കോട് റൂട്ടിൽ സർവിസ് നടത്തുന്ന വരദാനം ബസ് കണ്ടക്ടർ അടക്കം രണ്ടു പേർക്കെതിരെ അത്തോളി പൊലീസ് കേസെടുത്തു. പ്രസിഡന്റും കുടുംബവും തിരൂരിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. ടൗൺ ജങ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് ബ്രേക്ക് ഡൗൺ ആയതിനെ തുടർന്ന് ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതിനിടയിൽ സ്വകാര്യ ബസ് തെറ്റായ ദിശയിലൂടെ മറ്റ് വാഹനങ്ങളെ മറികടന്നെത്തി മാർഗതടസ്സം ഉണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് അക്രമം നടത്തിയത്.
കണ്ടക്ടറും ക്ലീനറും ചേർന്ന് കാർ ഓടിച്ചിരുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ മകളുടെ മകനെ മർദിക്കുകയായിരുന്നു. കാറിന്റെ താക്കോൽ പിടിച്ചുപറിക്കാൻ ശ്രമിക്കുന്നതിനിടെ താക്കോൽ കുടുങ്ങുകയും എൻജിൻ ഓഫാക്കാൻ കഴിയാതെ കാർ ഏറെനേരം റോഡിൽ കിടക്കുകയും ചെയ്തു. മർദനം തടയാൻ ശ്രമിച്ച പഞ്ചായത്ത് പ്രസിഡന്റിനെ കൈയേറ്റം ചെയ്തതായും പരാതിയിൽ പറയുന്നു. തലക്കുളത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയതിനു പിന്നാലെ ഇവർ അത്തോളി പൊലീസിൽ പരാതി നൽകി. ബസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.