ഉള്ള്യേരി: നാടിന് അക്ഷര വെളിച്ചം പകർന്ന ഉള്ള്യേരി പബ്ലിക്ക് ലൈബ്രറിക്ക് 75 വയസ്സ്. 1947ൽ സ്വാതന്ത്ര്യ സമര സേനാനികൾ മുൻകൈയെടുത്ത് വാടക ക്കെട്ടിടത്തിൽ ആരംഭിച്ച വായനശാല പിന്നീട് സ്വന്തം കെട്ടിടത്തിലേക്കു മാറുകയായിരുന്നു. ഒരുകാലത്ത് അയൽ പ്രദേശങ്ങളിൽനിന്നടക്കം കാൽനടയായിപ്പോലും ധാരാളം പേർ പത്രങ്ങൾ വായിക്കാനും പുസ്തകങ്ങൾ എടുക്കാനും എത്തിയിരുന്ന ഈ ലൈബ്രറിയിൽ ഇപ്പോൾ പതിനാറായിരത്തിലധികം പുസ്തകങ്ങളും 350ഓളം അംഗങ്ങളും ഉണ്ട്.
1948ൽ കേരള ഗ്രന്ഥശാല സംഘത്തിന്റെ അഫിലിയേഷൻ ലഭിച്ച കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കം ചെന്ന എ ഗ്രേഡ് ലൈബ്രറിയാണിത്. പുസ്തകങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന വനിത പുസ്തക വിതരണ പദ്ധതിയിൽ 162 അംഗങ്ങളുണ്ട്. ഇതിനായി മാത്രം ഒരു വനിത ലൈബ്രേറിയൻ ഉണ്ട്. മെഡിക്കൽ ക്യാമ്പുകൾ, പുസ്തക സംവാദങ്ങൾ, സാഹിത്യ മത്സരങ്ങൾ തുടങ്ങി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ബാലവേദിയും വനിത വേദിയും, യുവാക്കളുടെ അക്ഷരസേനയും പ്രവർത്തനങ്ങളുടെ മുൻനിരയിൽ സജീവമാണ്. എ. ബാലഗോപാലൻ ട്രസ്റ്റിന്റെയും ലൈബ്രറി കൗൺസിലിന്റെയും അവാർഡുകൾ ലൈബ്രറിയെ തേടിയെത്തിയിട്ടുണ്ട്. പി.എൻ. പണിക്കരും മന്മഥനും ലൈബ്രറി സന്ദർശിച്ചിട്ടുണ്ട്.
പി. പ്രദീപ് കുമാർ പ്രസിഡന്റും മോഹൻദാസ് പാലോറ സെക്രട്ടറിയുമായി 11 അംഗ കമ്മിറ്റിയാണ് ഭരണസാരഥ്യം വഹിക്കുന്നത്. കെ.കെ. ഹരിദാസനാണ് ലൈബ്രേറിയൻ. ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ (ശനിയാഴ്ച) വൈകീട്ട് നാലുമണിക്ക് എം.കെ. രാഘവൻ എം.പി നിർവഹിക്കും. യു.കെ. കുമാരൻ മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.