വടകര: വാഹനാപകടത്തിൽ യുവാവ് മരിച്ച കേസിൽ 25,47,000 രൂപ നൽകാൻ വടകര മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ ജഡ്ജി കെ. രാമകൃഷ്ണൻ വിധിച്ചു. കൊയിലാണ്ടി കൈതവളപ്പിൽ മണമ്മൽ സി.വി. കൃഷ്ണന്റെ മകൻ അനൂപ് (35) വാഹനാപകടത്തിൽ മരിച്ച കേസിലാണ് വിധി. കോടതി ചെലവും പലിശയുമടക്കം 35 ലക്ഷം രൂപ നൽകണം. ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്.
2018 ജനുവരി 21നാണ് കേസിനാസ്പദമായ സംഭവം. താമരശ്ശേരി ഭാഗത്തുനിന്നും വരുകയായിരുന്ന അനൂപിന്റെ കെ.എൽ 57 എഫ് 2466 ബൈക്കിൽ കെ.എൽ 60 ബി 9282 നമ്പർ കാർ ഇടിച്ചാണ് അപകടം. മരണപ്പെട്ട അനൂപിന്റെ അശ്രദ്ധയും അമിത വേഗവുമാണ് അപകട കാരണമെന്ന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
രേഖകളുടെയും സാക്ഷി തെളിവുകളുടേയും അടിസ്ഥാനത്തിൽ കൊയിലാണ്ടി ഭാഗത്തു നിന്നും വന്ന കാറിന്റെ അശ്രദ്ധ കൊണ്ടാണ് അപകട കാരണമെന്ന് കണ്ടെത്തിയതിനാൽ കാറിന്റെ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയോട് വിധി സംഖ്യ അനൂപിന്റെ ആശ്രിതർക്ക് നൽകാൻ കോടതി ഉത്തരവിട്ടു. ഹരജിക്കാർക്ക് വേണ്ടി അഭിഭാഷകരായ ബാബു പി. ബെനഡിക്റ്റ്, പി.പി. ലിനീഷ് എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.