വടകര: മൊബൈൽ ഫോണിലൂടെ യുവതിയുമായി സൗഹൃദം നടിച്ച് 20 പവൻ സ്വർണാഭരണവുമായി കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. മയ്യന്നൂർ സ്വദേശി മുഹമ്മദ് നദീറിനെയാണ് (28) വടകര എസ്.ഐ എം.കെ. രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. വില്യാപ്പള്ളി സ്വദേശി യുവതിയെ നദീർ ഭാര്യാപിതാവിന്റെ മൊബൈൽ ഫോണിൽനിന്ന് ലഭിച്ച ഫോൺ നമ്പറിൽനിന്ന് ബന്ധപ്പെട്ടാണ് വടകരയിലെ പ്രമുഖ ജ്വല്ലറിയുടെ ഉടമസ്ഥനാണെന്ന് പരിചയപ്പെടുത്തിയത്.
ഒരു മാസത്തെ സൗഹൃദത്തിനൊടുവിൽ ജ്വല്ലറിയിൽ പുതിയ ആഭരണങ്ങൾ വന്നിട്ടുണ്ട് പഴയ സ്വർണാഭരണങ്ങൾ നൽകിയാൽ പുതിയത് നൽകാമെന്ന് യുവതിയെ അറിയിച്ചു. ജ്വല്ലറിയിലെ ജീവനക്കാരനെ സ്വർണം വാങ്ങാൻ പറഞ്ഞയക്കുന്നുണ്ടെന്നു പറഞ്ഞ് ബൈക്കിൽ ഹെൽമറ്റ് ധരിച്ച് യുവതിയുടെ വീട്ടിന്റെ ഗേറ്റിലെത്തി സ്വർണാഭരണം വാങ്ങി നദീർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കടന്നുകളയുകയായിരുന്നു. വടകര പൊലീസിൽ ലഭിച്ച പരാതിയിൽ മൊബൈൽ ഫോൺ വഴിയുള്ള അന്വേഷണത്തിൽ പ്രതിയെ കോഴിക്കോട് വെച്ചാണ് പിടികൂടിയത്.
വടകര കോൺവെന്റ് റോഡിലെ ജ്വല്ലറിയിൽ വിൽപന നടത്തിയ സ്വർണാഭരണം പൊലീസ് കണ്ടെടുത്തു. കേസ് അന്വേഷണത്തിൽ എ.എസ്.ഐ മഹേഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ഇ. ഗണേശൻ, രമേശ് കൃഷ്ണ, ബൈജു, കെ.കെ. അരുൺ കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.