വടകര: അഴിയൂരിൽ വിദ്യാർഥിനിക്ക് ലഹരി നൽകി ലഹരികടത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ തെളിവെടുപ്പ് നടത്തിയ ബാലാവകാശ കമീഷൻ, സംഭവത്തിൽ അവ്യക്തതയുണ്ടെന്ന് കണ്ടെത്തി. വിദ്യാഭ്യാസ വകുപ്പും പൊലീസും എക്സൈസും കാര്യക്ഷമമായി പ്രവർത്തിച്ചെന്നും കുട്ടിയിൽ നിന്നും ബന്ധുക്കളിൽനിന്നും കൂടുതൽ തെളിവെടുപ്പ് നടത്തുമെന്നും കമീഷൻ ചെയർമാൻ പറഞ്ഞു.
ലഹരിക്കെതിരെ ജനകീയ പ്രതിരോധം ഉയർന്നുവരണമെന്നും വ്യക്തമാക്കി. ബാലാവകാശ കമീഷൻ ചെയർമാൻ മനോജ് കുമാർ, കമീഷൻ അംഗം ബബിത എന്നിവരാണ് ചൊവ്വാഴ്ച തെളിവെടുപ്പ് നടത്തിയത്. ജില്ല വിദ്യാഭ്യാസ ഓഫിസർ, വടകര, ചോമ്പാല പൊലീസ് എസ്.എച്ച്.ഒ, സ്കൂൾ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ, പി.ടി.എ കമ്മിറ്റി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, ജില്ല ശിശുക്ഷേമ ഓഫിസർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ തുടങ്ങിയവരിൽനിന്നാണ് തെളിവെടുത്തത്.
13കാരിയെ ലഹരികടത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ സ്വമേധയായെടുത്ത കേസിലാണ് അന്വേഷണം. പൊലീസിനും സ്കൂൾ അധികൃതർക്കും സംഭവത്തിൽ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ ബന്ധുക്കൾ വിദ്യാഭ്യാസ മന്ത്രി മനുഷ്യാവകാശ കമീഷൻ, ബാലാവകാശ കമീഷൻ ഉൾപ്പെടെയുള്ളവർക്ക് നേരത്തെ പരാതി നൽകിയിരുന്നു. ബാലാവകാശ കമീഷൻ അവ്യക്തത ചൂണ്ടിക്കാട്ടുമ്പോൾ, ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസിന് കേസിന്റ ചുരുളഴിക്കാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.