വടകര: ചോമ്പാല പൊലീസ് സ്റ്റേഷൻ പരിധിയിൽ അഴിയൂരിലും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കളും ക്രിമിനലുകളും വിലസുന്നു. പ്രതികളെ കണ്ടെത്താനാവാതെ പൊലീസ്. മൂന്നു മാസത്തിനിടെ 15ഓളം ചെറുതും വലുതുമായ മോഷണ കേസുകളാണ് മേഖലയിൽ ഉണ്ടായത്. ഒരു കേസിൽപോലും തുമ്പുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. വീട് അടച്ചിട്ട് പുറത്തുപോയിട്ടുണ്ടെങ്കിൽ മോഷ്ടാക്കൾ എത്തുമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. പല വീടുകളിൽനിന്നും സ്വർണമുൾപ്പെടെയാണ് നഷ്ടമായത്. മോഷണം നടന്നാൽ വിരലടയാള വിദഗ്ധരും പൊലീസും സ്ഥലത്തെത്തി കേസെടുക്കുകയല്ലാതെ തുടരന്വേഷണങ്ങൾ ഒന്നുംതന്നെ നടക്കുന്നില്ല. ഒന്നിന് പിറകെ ഒന്നായി മോഷണം പെരുകുന്നത് മേഖലയിൽ ഭീതിക്കുമിടയാക്കിയിട്ടുണ്ട്. വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോൾ മോഷ്ടാക്കൾ അകത്തു കയറാൻ ശ്രമിക്കുമ്പോൾ തിരിച്ചറിഞ്ഞതിനാൽ മോഷണം നടക്കാത്ത വീടുകളുമുണ്ട്. മോഷ്ടാക്കൾ വീട്ടുകാർക്കെതിരെ ആക്രമണത്തിന് മുതിരുകയും കൊലപാതകമുൾപ്പെടെ സംഭവിക്കുമ്പോഴാണ് പൊലീസ് ഉണരുക. കഴിഞ്ഞ ദിവസം ഒരു വീട്ടിൽനിന്ന് സ്വർണവും മറ്റൊരു വീട്ടിൽനിന്ന് പണവും കവരുകയുണ്ടായി. രണ്ട് വീടുകളിൽ കവർച്ചശ്രമവുമുണ്ടായി. ചോമ്പാല പൊലീസ് സ്റ്റേഷനിൽ രണ്ട് കൊലപാതക കേസുകൾ തുമ്പില്ലാതെ കിടക്കുന്നുണ്ട്. മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കൊല ചെയ്യപ്പെട്ട സ്ത്രീയുടെയും പുരുഷന്റെയും കൊലക്ക് പിന്നിൽ പ്രവർത്തിച്ചവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊല ചെയ്യപ്പെട്ടത് തമിഴ്നാട് സ്വദേശിയും സ്ത്രീ ഊരും പേരും ഇല്ലാത്ത ആളായതിനാലും ജനകീയ രോഷമൊന്നുമില്ലാത്തതിനാൽ പൊലീസ് അന്വേഷണവും ഇഴഞ്ഞുനീങ്ങുകയാണ്. മാഹിയുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ അഴിയൂരിൽ പുറത്തുനിന്നുള്ള സംഘങ്ങൾ തമ്പടിക്കുന്നുണ്ട്. ഇത്തരക്കാരെ നിരീക്ഷിക്കാൻ ഒരു സംവിധാനവും ഉണ്ടാവുന്നില്ല. പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കുറ്റകൃത്യങ്ങൾ സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് പ്രതികളെ കണ്ടെത്തണമെന്നാവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.