വടകര: കുരിക്കിലാട് മേഴ്സി ബി.എഡ് കോളജിൽ രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും പ്രതിഷേധം. അധ്യാപകരെ തടഞ്ഞുവെച്ചു. ബി.എഡ് കോഴ്സ് പൂർത്തീകരിച്ച് ഫലം പ്രഖ്യാപിച്ചിട്ടും സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. ആഗസ്റ്റ് ഏഴിന് യൂനിവേഴ്സിറ്റി കോളജിലെത്തിച്ച സർട്ടിഫിക്കറ്റുകൾ കൈമാറാതെ പ്രിൻസിപ്പൽ തടഞ്ഞുവെക്കുകയായിരുന്നുവെന്നാണ് വിദ്യാർഥികളുടെ പരാതി. സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തതിനാൽ പുതിയ കോഴ്സുകൾക്കു ചേരുന്നതിനും ജോലിക്കായി അപേക്ഷ സമർപ്പിക്കുന്നതിനും കെ.ടെറ്റ് വെരിഫിക്കേഷനും മറ്റും ഹാജാരാക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നും വിദ്യാർഥികൾ പറയുന്നു. രക്ഷിതാക്കളും രാവിലെ കോളജിലെത്തി പ്രതിഷേധിച്ചു.
കോളജിൽ സ്ത്രീകളടക്കം 13 അധ്യാപകരാണ് പ്രതിഷേധം നടക്കുമ്പോൾ ഉണ്ടായിരുന്നത്. പ്രതിഷേധം ശക്തമായതോടെ അധ്യാപകർക്ക് പുറത്തുപോകാൻ കഴിഞ്ഞില്ല. രാത്രിയിലും അധ്യാപകർ കോളജിൽ കുടുങ്ങിക്കിടക്കുകയാണ്.
കോളജിന്റ ഗേറ്റ് അടച്ചുപൂട്ടിയതിനാൽ പൊലീസിന് അകത്തുകടക്കാനായില്ല. സമരത്തിന് പിന്തുണയുമായി എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരും സ്ഥലത്ത് എത്തിയിരുന്നു. 50ഓളം വിദ്യാർഥികളാണ് പ്രതിഷേധവുമായി എത്തിയത്. കോളജ് മാനേജ്മെന്റ് പ്രതിനിധികൾ സ്ഥലത്തെത്തി രാത്രി വൈകിയും ചർച്ച തുടരുകയാണ്. വർധിപ്പിച്ച ഫീസ് വിദ്യാർഥികൾ അടക്കാത്തതിനാലാണ് സർട്ടിഫിക്കറ്റ് നൽകാത്തതെന്നാണ് മാനേജ്മെന്റ് വാദം. എന്നാൽ, കോഴ്സിന് ചേരുമ്പോൾ നിയമപരമായി നൽകേണ്ട ഫീസ് നൽകിയെന്നാണ് വിദ്യാർഥികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.