ഗ്രീ​ൻ ടെ​ക്നോ​ള​ജി സെ​ന്റ​റി​ലെ എ​ൽ.​ഇ.​ഡി ബ​ൾ​ബ് റി​പ്പ​യ​റി​ങ് യൂ​നി​റ്റ്

കേടായ എൽ.ഇ.ഡി ബൾബുകൾ വലിച്ചെറിയേണ്ട ഗ്രീൻ ടെക്നോളജി സെന്ററിലെത്തിക്കൂ

വടകര: എല്‍.ഇ.ഡി ബള്‍ബുകൾ കേടായാൽ ഇനി വലിച്ചെറിയേണ്ട. വടകര ജൂബിലി ടാങ്കിനടുത്ത നഗരസഭയുടെ ഗ്രീന്‍ ടെക്‌നോളജി സെന്ററില്‍ എത്തിച്ചാല്‍ ബള്‍ബ് വീണ്ടും കത്തിക്കാം.

കേടായ ബള്‍ബുകള്‍ നന്നാക്കിനല്‍കുന്ന 'കേടായ ബള്‍ബ് തരൂ, പുതിയത് തരാം' പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹരിയാലി. ബള്‍ബിനകത്തെ മോഡ്യൂളോ ഡ്രൈവറോ കേടായിട്ടില്ലെങ്കില്‍ ഹരിയാലി പ്രവർത്തകർ സൗജന്യമായി റിപ്പയര്‍ ചെയ്തുനല്‍കും.

കേടായ ബള്‍ബാണെങ്കില്‍ 20 രൂപക്ക് അവ നന്നാക്കി തിരികെനല്‍കും. ഇത്തരം ബള്‍ബുകള്‍ക്ക് രണ്ടു വര്‍ഷത്തെ ഗാരന്റിയും ഗ്രീന്‍ ടെക്‌നോളജിയിലെ ഊര്‍ജ ക്ലിനിക് നല്‍കുന്നുണ്ട്. എല്‍.ഇ.ഡി ട്യൂബ് ലൈറ്റ്, സ്ട്രീറ്റ് ലൈറ്റ് എന്നിവയും ഇവിടെ നന്നാക്കും.

വീടുകളില്‍നിന്ന് ശേഖരിക്കുന്ന ഇ-വേസ്റ്റ് പുനരുപയോഗം ചെയ്യുന്നതിനുള്ള സാധ്യതകള്‍ ആരായുന്ന ഹരിയാലിയുടെ ഒമ്പത് സംരംഭങ്ങളില്‍ ഒന്നാണ് റിപ്പയര്‍ ഷോപ്. ഹരിതകർമ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന യൂനിറ്റ് കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനത്തിനായി 40 ടെലിവിഷനുകള്‍ സൗജന്യമായി നന്നാക്കിനല്‍കിയിരുന്നു.

റിപ്പയറിങ് കൂടാതെ പുതിയ എല്‍.ഇ.ഡി ബള്‍ബ് നിർമാണവും ആരംഭിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം ഗാരന്റിയുള്ള ഒമ്പത് വാട്ടിന്റെ ബള്‍ബിന് 60 രൂപയാണ് ഇവിടെ വില. ഈ മേഖലയില്‍ വിദഗ്ധനായ എം.പി.സി. നമ്പ്യാര്‍, കെ.എസ്.ഇ.ബി റിട്ട. എക്‌സിക്യൂട്ടിവ് എൻജിനീയറും ഹരിയാലി കോഓഡിനേറ്ററുമായ മണലില്‍ മോഹനന്‍, സന്നദ്ധ പ്രവര്‍ത്തകരായ കെ. വിജയന്‍, കെ. രാധന്‍ എന്നിവരാണ് നേതൃത്വം നൽകുന്നത്.

Tags:    
News Summary - Bring damaged LED bulbs to Green Technology Center for disposal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.