വടകര: രണ്ടു കോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച വടകര സഹകരണ ഭവൻ ആസ്ഥാനം നോക്കുകുത്തി. കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്ന് ആറു മാസം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയിട്ടില്ല. ദേശീയപാതയിൽ ലിങ്ക് റോഡിൽ വടകര സർക്കിൾ സഹകരണ യൂനിയന്റെ സഹകരണ ഭവൻ കെട്ടിടം ആധുനിക സംവിധാനത്തോടെയാണ് നിർമിച്ചത്. മൂന്നു നിലകളോടുകൂടിയ കെട്ടിടം സഹകരണ വകുപ്പിന്റെ അഭിമാന സ്ഥാപനമെന്ന നിലയിലാണ് രൂപം കൊണ്ടത്.
മിനി സിവിൽ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടി പ്രവർത്തിക്കുന്ന അസി. രജിസ്ട്രാർ (എ.ആർ) ഓഫിസും സർക്കിൾ സഹകരണ യൂനിയൻ ഓഫിസിനും വേണ്ടിയാണ് താലൂക്കിലെ സഹകരണ സ്ഥാപനങ്ങൾ ചേർന്ന് കെട്ടിടം പണിതത്.
ഇൻസ്പെക്ടർമാർ ഉൾപ്പെടെ 60ഓളം ജീവനക്കാർ എ.ആർ ഓഫിസിലെ ഓഡിറ്റ്, ജനറൽ വിഭാഗത്തിലുണ്ട്. ഒരു ഓഫിസ് മാത്രം ഇങ്ങോട്ട് മാറ്റാനായിരുന്നു തീരുമാനം. എന്നാൽ, വകുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് രണ്ടു സ്ഥലത്ത് പോകുന്നത് ഒഴിവാക്കാൻ രണ്ടും പുതിയ കെട്ടിടത്തിലേക്ക് മാറ്റാമെന്ന ധാരണയിൽ നടപടികൾ വൈകുന്നതാണ് ആസ്ഥാനം നോക്കുകുത്തിയാവാൻ ഇടയാക്കിയത്. സഹകരണ സർക്കിൾ യൂനിയന്റെ ആസ്ഥാനം മാറ്റാത്തതിനാൽ കെട്ടിടത്തിന്റെ പ്രവർത്തനത്തെ ബാധിച്ച അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.