വടകര: വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മണിയൂർ വൈദ്യുതി സബ് സ്റ്റേഷൻ നിർമാണത്തിന് നടപടി തുടങ്ങി. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എയുടെ നേതൃത്വത്തിൽ കുറ്റ്യാടി നിയോജക മണ്ഡലത്തിലെ വൈദ്യുതി തടസ്സം, വോൾട്ടേജ് ക്ഷാമം തുടങ്ങിയ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.
സബ് സ്റ്റേഷനുവേണ്ടി നഗരസഭയുടെ കൈവശമുള്ള സ്ഥലം യു.എൽ.സി.സിയുടെ സഹായത്തോടെ തിങ്കളാഴ്ച സർവേ നടത്തും. ഇതു സംബന്ധിച്ച് നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദുവുമായി ചർച്ച നടത്തി.
പെരുമുണ്ടച്ചേരി, കീരിയങ്ങാടി, മൊകേരി കലാ നഗർ തുടങ്ങിയ പ്രദേശങ്ങളിലെ വോൾട്ടേജ് ക്ഷാമം, വൈദ്യുതി തടസ്സം എന്നീ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കണമെന്ന് യോഗത്തിൽ നിർദേശം നൽകി.
കുറ്റ്യാടി ടൗണിലെ വൈദ്യുതി തടസ്സം സംബന്ധിച്ച് വിഷയം നിയമസഭയിൽ ഉന്നയിച്ചിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിെന്റ അടിസ്ഥാനത്തിൽ പ്രത്യേക ഫീഡർ സ്ഥാപിച്ചതിനെ തുടർന്ന് വൈദ്യുതി തടസ്സം പരിഹരിക്കപ്പെട്ടതായി എം.എൽ.എ അറിയിച്ചു.
വില്യാപ്പള്ളി, കുറ്റ്യാടി, മൊകേരി, തിരുവള്ളൂർ, മണിയൂർ എന്നീ സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹന ചാർജ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ നിർദേശം നൽകി. നിലവിൽ ആറ് കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരണപ്പെട്ട നിഹാലിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുക അടിയന്തരമായി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് യോഗത്തിൽ തീരുമാനിച്ചു.
കെ.എസ്.ഇ.ബി ഡെ. ചീഫ് എൻജിനീയർ ആർ. ലേഖരവി, എക്സിക്യൂട്ടിവ് എൻജിനീയർമാരായ കെ.വി. ശശികുമാർ, കെ.കെ. മുഹമ്മദ്, ഇ. മഹിജ, സി.പി. സ്മിത, വിജയകുമാർ, അസി. എക്സിക്യൂട്ടിവ് എൻജിനീയർമാർ അസിസ്റ്റൻറ് എൻജിനീയർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.