വടകര: 61ാമത് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് ഈമാസം 28ന് തിരിതെളിയും. പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം കെ. മുരളീധരൻ എം.പിയും ഉദ്ഘാടനം ചെയ്യും. നവംബർ 26, 28, 29, 30, ഡിസംബർ 1 തീയതികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. പ്രധാന വേദിയായ സെന്റ് ആൻറണീസ് ഗേൾസ് ഹൈസ്കൂൾ കേന്ദ്രീകരിച്ച് 19 വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുക.
അനുബന്ധമായി അറബിക് കലോത്സവം, സംസ്കൃതോത്സവം എന്നിവയും നടക്കും. 26ന് സെന്റ് ആന്റണീസ് സ്കൂളിലും ബി.ഇ.എം സ്കൂളിലുമായാണ് രചന മത്സരങ്ങൾ നടക്കുക. 300ഓളം ഇനങ്ങളിൽ 8000ത്തിലധികം വിദ്യാർഥികൾ മാറ്റുരക്കും. കഥകളി, നാടോടിനൃത്തം, ഓട്ടൻ തുള്ളൽ, മിമിക്രി എന്നിവക്ക് ഇത്തവണ ആൺ, പെൺ പ്രത്യേകം മത്സരങ്ങൾ ഉണ്ടാവും.
മുനിസിപ്പൽ പാർക്കിനു സമീപമുള്ള ശ്രീനാരായണ സ്കൂളിൽ ഭക്ഷണം ഒരുക്കും. 10,000 പേർക്ക് ആറു കൗണ്ടറുകളിൽനിന്നായി ഭക്ഷണം വിളമ്പും. പരിപാടിയോടനുബന്ധിച്ച് സാംസ്കാരിക പരിപാടികൾ നടക്കും. വാർത്തസമ്മേളനത്തിൽ കെ.കെ. രമ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു, ഡി.ഡി.ഇ സി. മനോജ്കുമാർ, കൗൺസിലർ എ. പ്രേമകുമാരി, കെ.പി. അനിൽകുമാർ, രാജീവൻ പറമ്പത്ത്, വി.വി. വിനോദ്, സിസ്റ്റർ മരിയബെല്ല, കെ. സജീവൻ, ടി.കെ. പ്രവീൺകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.