വടകര: നഗരപരിധിയിലെ തീരദേശ മേഖലയിലേക്ക് ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ചത് ഓടയിലൂടെ. കാലവർഷത്തിലെ വെള്ളപ്പൊക്ക ഭീഷണി പരിഹരിക്കാൻ കസ്റ്റംസ് റോഡിൽ നടത്തിയ പരിശോധനയിലാണ് മാലിന്യത്തിലൂടെ കടന്നുപോകുന്ന പൈപ്പ് കണ്ടെത്തിയത്.
ശുചീകരണത്തിന് വേണ്ടി സ്ലാബ് മാറ്റിയപ്പോൾ ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു. നഗരത്തിലെ മലിന ജലം മുഴുവനായും ഒഴുകുന്നത് വർഷങ്ങൾക്ക് മുമ്പേ സ്ഥാപിച്ച കുടിവെള്ള പൈപ്പുകൾക്കിടയിലൂടെയായിരുന്നു. പരിശോധനയിൽ പൈപ്പുകളിൽ മാലിന്യം കുരുങ്ങി ഒഴുക്ക് തടസ്സപ്പെടുന്ന അവസ്ഥയാണ്.
ഓടയിൽ തടസ്സങ്ങൾ ഉണ്ടാവുന്നതിനാൽ മഴക്കാലങ്ങളിൽ ജെ. ടി റോഡ്, ചോളം വയൽ എന്നിവിടങ്ങളിലും താഴെ അങ്ങാടിയിലും വെള്ളം കയറി വ്യാപാരികളും പരിസരത്തെ വീട്ടുകാരും ദുരിതത്തിലായിരുന്നു. ഇതേ തുടർന്നാണ് ഒഴുക്ക് തടസ്സപ്പെടുന്നത് പരിശോധിക്കുകയും പൈപ്പിന് മുകളിൽ മാലിന്യങ്ങൾ കെട്ടിനിന്നത് കണ്ടെത്തിയതും.
കിണറുകളിൽ ഉപ്പുരസം ആയതിനാൽ കിണറുള്ളവരും ഇല്ലാത്തവരുമായ താഴെ അങ്ങാടിയിലെ ഒട്ടുമിക്ക വീട്ടുകാരും ജല അതോറിറ്റിയുടെ കുടിവെള്ളത്തിനെയാണ് ആശ്രയിക്കുന്നത്. ശുദ്ധജല പൈപ്പ് പൊട്ടുകയോ ചോർച്ചയോ സംഭവിച്ചാൽ ജനങ്ങള്‍ മലിന ജലം കുടിക്കേണ്ട സ്ഥിതിവരും.
പൈപ്പുകൾ ഓടയിലൂടെ കടന്നുപോകുന്നതാണ് മഴവെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയും വീടുകളിലടക്കം വെള്ളം കയറുകയും ചെയ്യുന്നത്. കുടിവെള്ള പൈപ്പുകൾ ഓടയിൽനിന്നും മാറ്റി മറ്റൊരു വഴിയിലൂടെ കൊണ്ടുപോകണമെന്ന് നാട്ടുകാർ എം.എൽ.എക്കും വടകര നഗരസഭ സെക്രട്ടറിക്കും ജല അതോറിറ്റി അധികൃതർക്കും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.