വടകര: വടകര നഗരസഭയിലെ തീരദേശ മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷം, ജനം ദുരിതത്തിൽ. അഴിത്തല, പുറങ്കര, കൊയിലാണ്ടി വളപ്പ്, പാണ്ടികശാല, മുകച്ചേരി, കുരിയാടി വാർഡുകളിൽ കടുത്ത വേനലിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷമായത്. കടുത്ത വേനലിൽ കുടിവെള്ളം കിട്ടാക്കനിയായിരിക്കുകയാണ്. നഗരസഭയിൽ വിതരണം ചെയ്യുന്ന വെള്ളത്തിൽ ഉപ്പിന്റെ അംശം കൂടിയത് പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്. കുറ്റ്യാടി പുഴയുടെ ഗുളികപുഴ, കൂരങ്കോട്ട് കടവിൽ ഉപ്പ് വെള്ളം കയറിയിട്ട് മാസങ്ങളായിട്ടും പരിഹരിക്കാൻ നടപടികളുണ്ടായിട്ടില്ല. ഉപ്പുവെള്ളം കയറുന്നതിന് പെരിഞ്ചേരി കടവിൽ റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും യാഥാർഥ്യമായിട്ടില്ല. വടകര നഗരത്തിൽ ഭൂരിഭാഗത്തും ഉപ്പ് കലർന്ന ഗുളിക പുഴയിലെ വെള്ളമാണ് വിതരണം ചെയ്യുന്നത്. കടലോരമേഖലയിലെ ചിലയിടങ്ങളിൽ വിഷ്ണുമംഗലം ബണ്ടിലെ ജലം ലഭിക്കുന്നുണ്ട്.
ഈ ഭാഗങ്ങളിലുള്ളവർക്ക് ആശ്വാസമാണ്. കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാനുള്ള ചുമതല തദ്ദേശസ്ഥാപനങ്ങൾക്കാണ്. എന്നാൽ കുടിവെള്ളം വിതരണം ചെയ്യാൻ നടപടികളുണ്ടായിട്ടില്ല. വരൾച്ച ഫണ്ട് ഉപയോഗിച്ച് കുടിവെള്ള കിയോസ്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടത്തും തകർന്ന് കിടക്കുകയും നോക്കുകുത്തിയായി മാറുകയുമാണ്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വാർഡുകളിൽ കുടിവെള്ള ടാങ്കുകൾ സ്ഥാപിച്ച് താൽക്കാലികമായി വെള്ളം നൽകുന്നുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന വെള്ളമാണ് കടലോര ജനതയുടെ ആശ്വാസം. കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ നഗരസഭയിലേക്കും ജല അതോറിറ്റി കാര്യാലയത്തിലേക്കും പ്രതിഷേധസമരം നടത്താനാണ് യു.ഡി.എഫ് കൗൺസിൽ പാർട്ടി തീരുമാനം. വി.കെ അസീസ്, പി.വി. ഹാഷിം, പി.കെ.സി. അഫ്സൽ, എ. പ്രേമകുമാരി, സി.വി. പ്രദീഷൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.