വടകര: ലോക്സഭ തെരഞ്ഞെടുപ്പു കഴിഞ്ഞും വടകരയിലെ രാഷ്ട്രീയ മണ്ഡലം കലങ്ങിമറിയുന്നത് ആശങ്കക്കിടയാക്കുന്നു. അശ്ലീല വിഡിയോയും കാഫിർ പരാമർശവും അക്രമ രാഷ്ട്രീയവും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇടതു വലത് കക്ഷികൾ പ്രചാരണ വിഷയമാക്കിയപ്പോൾ തെരഞ്ഞെടുപ്പോടെ കെട്ടടങ്ങുമെന്നാണ് കരുതിയത്.
എന്നാൽ പൊതുസമൂഹത്തിൽ ചേരിതിരിവിന് തന്നെ ഇടയാക്കുംവിധം വടകരയിൽ ഇപ്പോഴും പ്രചാരണം കത്തിനിൽക്കുകയാണ്. ‘കാഫിർ’ പരാമർശത്തിന്റെ പേരിൽ യു.ഡി.എഫും ആർ.എം.പി.ഐയും പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോകുകയാണ്.
റൂറൽ ജില്ല പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് കാഫിർ പരാമർശ വിഡിയോ ചമച്ച പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് യു.ഡി.വൈ.എഫ് മാർച്ച് സംഘടിപ്പിക്കുകയും രണ്ടാഴ്ചക്കകം പ്രതികളെ കണ്ടെത്തിയില്ലെങ്കിൽ യുവാക്കളെ ഉപയോഗിച്ച് പ്രതികളെ പുറത്തുകൊണ്ടുവരുമെന്ന് പൊലീസിന് അന്ത്യശാസനം നൽകുകയും ചെയ്തിരുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പങ്കെടുപ്പിച്ച് പൊതുസമ്മേളനം നടത്തിയത്.
എന്നാൽ, ഈ പരിപാടിയിൽ കെ.എസ്. ഹരിഹരൻ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയെയും ഒരു നടിയെയും ബന്ധപ്പെടുത്തി നടത്തിയ പരാമർശം യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി. ഹരിഹരന്റെ പരാമർശത്തിനെതിരെ നൽകിയ പരാതിയിൽ 24 മണിക്കൂറിനകം പൊലീസ് കേസെടുത്തു. എന്നാൽ ‘കാഫിർ’ പരാമർശവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ പൊലീസ് നടപടി ഇഴയുകയാണ്. ഈ മെല്ലെപ്പോക്കിനെതിരെ യു.ഡി.എഫ് രംഗത്തെത്തിയിട്ടുണ്ട്.
ആരോപണ പ്രത്യാരോപണങ്ങൾ മുറുകുന്നതിനിടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കെ.എസ്. ഹരിഹരന്റെ വീടിനുനേരെ സ്ഫോടക വസ്തുവെറിഞ്ഞ പശ്ചാത്തലത്തിൽ പൊലീസ് മേഖലയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. രാത്രികാല പട്രോളിങ് ഉൾപ്പെടെ ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.