വടകര: അനധികൃതമായി സൂക്ഷിച്ച ഉഗ്ര സ്ഫോടക ശേഷിയുള്ള വെടിമരുന്ന് ശേഖരവുമായി ഒരാൾ അറസ്റ്റിൽ. മടപ്പള്ളി സ്വദേശി അരിനിലം കുനിയിൽ ചന്ദ്രനെയാണ് (61) ചോമ്പാൽ എസ്.ഐ എം.കെ. രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്. 44 കിലോഗ്രാം പൊട്ടാസ്യം നൈട്രേറ്റ്, 38 കിലോഗ്രാം സൾഫർ, 26 കിലോഗ്രാം അലൂമിനിയം പൗഡർ, മൂന്ന് ചാക്ക് ഓലപ്പടക്കം, രണ്ടു കെട്ടുകളിലായി തിരികൾ എന്നിവയാണ് പിടിച്ചെടുത്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാവിലെ ചന്ദ്രന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക ശേഖരം പിടികൂടിയത്. 10ഓളം ചാക്കുകളിലും കണ്ടെയ്നറുകളിലുമായി വീടിനകത്ത് മുറിയിൽ സൂക്ഷിച്ച നിലയിലായിരുന്നു വെടിമരുന്ന് ഉൾപ്പെടെ സാധനങ്ങൾ. പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവരുകയായിരുന്നു.
ഓലപ്പടക്കങ്ങൾ നിർമിച്ച് വിൽപന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ലൈസൻസ് ഇല്ലാതെ സ്ഫോടക വസ്തു കൈവശംവെച്ചതിനും അനധികൃതമായി പടക്കം നിർമിച്ചതിനും എക്സ്േപ്ലാസിവ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.