വടകര: തീരദേശവാസികളുടെ സ്വപ്ന പദ്ധതിയായ ഫിഷ് ലാൻഡിങ് സെന്റർ ഭരണാനുമതി കാത്ത് കിടക്കുന്നു. ബജറ്റ് പ്രപോസൽ സമർപ്പിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. അഴിത്തല വാർഡ് മുതൽ കുരിയാടി വരെയുള്ള തീരദേശ വാർഡുകളിലെ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനം നടത്തുന്നതിന് ഫിഷ് ലാൻഡിങ് സെന്റർ നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ1998ൽ സാന്റ്ബാങ്ക്സ് മാവൂർ ഗ്വാളിയോർ റയോൺസ് ബംഗ്ലാവിനടുത്താണ് നഗരസഭ ഫിഷ് ലാഡിങ് സെന്ററിന് സ്ഥലം കണ്ടെത്തിയത്. തദ്ദേശീയമായി സ്വരൂപിച്ച പണം ഉൾപ്പെടെ ഉപയോഗിച്ചാണ് സ്ഥലം വാങ്ങിച്ചത്.
അഴിത്തല ഫിഷ് ലാൻഡിങ് സെന്റർ കേന്ദ്രീകരിച്ച് 600ഓളം വള്ളങ്ങളിലായി 1500ലധികം മത്സ്യത്തൊഴിലാളികളും നൂറിലേറെ അനുബന്ധ തൊഴിലാളികളും തൊഴിലെടുക്കുന്നുണ്ട്. നഗരസഭ പദ്ധതി വിഹിതത്തിൽനിന്നും വിവിധ വാർഷിക പദ്ധതികളിലായി താത്കാലിക ജെട്ടിയും ചെറിയ മേൽക്കൂരയും പണിതാണ് പരിമിതമായ സ്ഥലത്ത് തൊഴിലാളികൾ തൊഴിൽ ചെയ്യുന്നത്.
ഫിഷറീസ് ഹാർബർ എൻജിനീയറിങ് വിഭാഗം ഫിഷ് ലാൻഡിങ് സെന്റർ പദ്ധതിക്ക് തയാറാക്കിയ ഡി.പി.ആർ അനുസരിച്ച് ആദ്യം 20 ലക്ഷം രൂപയും പിന്നീട് 45 ലക്ഷത്തിന്റെയും എസ്റ്റിമേറ്റ് യഥാക്രമം സർക്കാറിലേക്ക് ഭരണാനുമതിക്കായി സമർപ്പിച്ചിരുന്നു. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു പ്രവർത്തനങ്ങളും മുന്നോട്ട് പോയില്ല.
അവസാനമായി ഓഖി ഫണ്ടിൽ ഉൾപ്പെടുത്തി പദ്ധതി പ്രാവർത്തികമാക്കാൻ വീണ്ടും സമർപ്പിച്ചെങ്കിലും ഭരണാനുമതി ലഭിച്ചിട്ടില്ല. കെ.കെ. രമയുടെ എം.എൽ.എ ബജറ്റ് പ്രപ്പോസലായി അഴിത്തല ഫിഷ് ലാൻഡിങ് സെന്റർ യാഥാർഥ്യമാക്കുന്നതിന് അവസാനമായി 1.14 കോടി രൂപയുടെ എസ്റ്റിമേറ്റ് റിവേഴ്സ് ചെയ്ത് ബെർത്തിങ് ജേട്ടി (തോണികളും ബോട്ടുകളും നങ്കൂരമിടാനുള്ള സ്ഥലം), മത്സ്യം കയറ്റുന്നതിനുള്ള പ്ലാറ്റ് ഫോം, ലേലപ്പുരയോട് ചേർന്ന് ലോക്കർ റൂം, പാർക്കിങ് ഏരിയ, സെക്യൂരിറ്റി റൂം, കിണറും വെള്ളം വിതരണ ശൃംഖല ഒരുക്കൽ എന്നിവ ഒരുക്കുന്ന പ്രവൃത്തികളുടെ റിപ്പോർട്ട് തയാറാക്കി ഭരണാനുമതിക്കായി സമർപ്പിക്കുന്നതിനായി ഒരുക്കിയിട്ടുണ്ട്.
സൂപ്രണ്ടിങ് എൻജിനീയർ വിജി കെ. തട്ടാമ്പുറം, എക്സിക്യുട്ടിവ് എൻജിനീയർ പി. ജയദീപ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർ എ. സതീശൻ, അസി. എൻജിനീയർ ഫിലോസ് എന്നിവരോടൊപ്പം വാർഡ് കൗൺസിലർ പി.വി. ഹാഷിം, പി.വി. റാഷിദ്, പി.വി.സി. ഇബ്രാഹിം, പി.വി.സി അസ്ബീർ തുടങ്ങിയവർ അഴിത്തല ഫിഷ് ലാൻഡിങ് സെന്റർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.