വടകര: ഏറാമലയിൽ ക്ഷേത്രോത്സവത്തിനിടെ ചൂതാട്ടം നടക്കുന്നതറിഞ്ഞ് സ്ഥലത്ത് പരിശോധനക്കെത്തിയ പൊലീസുകാരനെ കുത്തിപ്പരിക്കേൽപിച്ചയാൾ അറസ്റ്റിലായി. നാദാപുരം കായപ്പനച്ചി സ്വദേശി പുതുക്കുൽതാഴെ കുനി ഷൈജുവിനെയാണ് (39) എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. എ.ആർ ക്യാമ്പിലെ പൊലീസുകാരൻ നടുവണ്ണൂർ സ്വദേശി അഖിലേഷിനെയാണ് (33) കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11.30ഓടെ ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിനിടെ ഷൈജു കത്തികൊണ്ട് കുത്തി വീഴ്ത്തിയത്.
പാലക്കാട് ഷോളയാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആനക്കട്ടിയിൽ ഭാര്യയുടെ ബന്ധുവീടിന് സമീപം ഒളിച്ചു താമസിക്കുന്നതിനിടെയാണ് ഞായറാഴ്ച ഉച്ചയോടെ പ്രതി പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ ജില്ല പൊലീസ് സൂപ്രണ്ടിന്റെ ആക്ഷൻ ഗ്രൂപ് അംഗങ്ങളുടെയും എടച്ചേരി എസ്.ഐ യൂസഫിന്റെയും നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ എടച്ചേരിയിലെത്തിച്ച് സി.ഐ ശിവൻ ചോടോത്ത് അറസ്റ്റ് രേഖപ്പെടുത്തി. നാദാപുരം, വളയം, തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കേസുകളിലും തീവെപ്പ്, അടിപിടി കേസുകളിലും പ്രതിയാണ് ഷൈജു.
2021ൽ നാദാപുരം പൊലീസ് റൗഡി ലിസ്റ്റിൽപെടുത്തിയതിനെ തുടർന്ന് നല്ലനടപ്പ് നിർദേശിച്ച് ആർ.ഡി.ഒ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സ്ക്വാഡ് അംഗങ്ങളായ വി.വി. ഷാജി, വി.സി. ബിനീഷ്, കെ. ദീപക് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.