വടകര: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും വീറും വാശിയും ആരോപണ, പ്രത്യാരോപണവുമുയർന്ന വടകരയിൽ ഫലപ്രഖ്യാപനത്തിന് മുന്നോടിയായി കണ്ണൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു.
മേഖലയിൽ സമാധാനാന്തരീക്ഷം നിലനിർത്താൻ തീരുമാനിച്ചു. വടകര റൂറൽ ജില്ല പൊലീസ് മേധാവിയുടെ ഓഫിസിൽ ചേർന്ന യോഗത്തിൽ മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു. തെരഞ്ഞെടുപ്പ് ഫലം വരുന്ന ജൂണ് നാലിന് ആഹ്ലാദ പ്രകടനം രാത്രി ഏഴ് മണിവരെ പരിമിതപ്പെടുത്തും.
നേരത്തേ ആഹ്ലാദ പ്രകടനം ആറു മണിവരെയായിരുന്നു തീരുമാനിച്ചിരുന്നത്. ഫലപ്രഖ്യാപനം വൈകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രാത്രി ഏഴുവരെ നീട്ടിയത്.
കാഫിർ പരാമർശത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫ്, ആർ.എം.പി നേതാക്കൾ ആവശ്യപ്പെട്ടു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് ഡി.ഐ.ജി യോഗത്തെ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ ബോർഡുകൾ നീക്കാനും തീരുമാനമായി.
കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാർ, കണ്ണൂർ സിറ്റി കമീഷണർ അജിത് കുമാർ, തലശ്ശേരി എ.എസ്.പി. ഷഹൻഷാ, വടകര ഡിവൈ.എസ്.പി. കെ. വിനോദ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. മോഹനൻ, കെ. ബാലനാരായണൻ, അഹമ്മദ് പുന്നക്കൽ, കെ.കെ. ദിനേശൻ, ഐ. മൂസ, എൻ. വേണു, ചന്ദ്രൻ കുളങ്ങരത്ത്, സി. വിനോദൻ, എ.ടി. ശ്രീധരൻ, ടി.കെ. രാജൻ, രാംദാസ് മണലേരി, പി.പി. മുരളി, പി.പി. വ്യാസൻ തുടങ്ങിയവരും പങ്കെടുത്തു.
വടകര: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കലുഷിതമായ വടകരയിൽ രാഷ്ട്രീയ പാർട്ടികൾ ഒരു കുടക്കീഴിൽ അണിനിരന്ന് സമാധാനത്തിന് ആഹ്വാനം ചെയ്തത് ആശ്വാസമായി. ഉത്തരമേഖല ഡി.ഐ.ജി തോംസൺ ജോസഫ് വിളിച്ചുചേർത്ത യോഗത്തിൽ മേഖലയിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി മുന്നോട്ടുവന്നു.
ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ സോഷ്യൽ മീഡിയ വഴിയും മറ്റും നടത്തിയ പരാമർശങ്ങളിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം തുടരാനാണ് തീരുമാനം. കുറ്റക്കാരെ പുറത്ത് കൊണ്ടുവരുമെന്ന് ഡി.ഐ.ജി യോഗത്തിൽ അറിയിച്ചു. കാഫിർ പരാമർശ വിഷയത്തിൽ യു.ഡി.എഫ് -ആർ.എം.പി കക്ഷികൾ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. 30ന് ജില്ല പൊലീസ് മേധാവിയുടെ ഓഫിസിന് മുന്നിൽ നടത്താൻ തീരുമാനിച്ച ധർണയുമായി മുന്നോട്ട് പോകാനാണ് യു.ഡി.എഫ് -ആർ.എം.പി തീരുമാനം.
തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനം ഗ്രാമപഞ്ചായത്തുകൾക്ക് പുറത്തേക്ക് പോകാതെ പ്രാദേശികതലത്തിൽ ഒതുക്കിനിർത്താൻ പ്രത്യേകം നിർദേശം നൽകി. സമാധാന പ്രവർത്തനങ്ങൾ താഴെ തട്ടിലേക്ക് വ്യാപിപ്പിക്കാൻ നേതാക്കളോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനങ്ങൾ അതിര് കവിയാതിരിക്കാൻ പൊലീസും നടപടികൾ കർശനമാക്കും. സർവകക്ഷി യോഗത്തിന് പിന്നാലെ റൂറൽ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ഡി.ഐ.ജി സ്ഥിതിഗതികൾ വിലയിരുത്തി. വിജയാഹ്ലാദ ദിവസം സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്തു.
ഡി.ഐ.ജിക്ക് പുറമെ കണ്ണൂർ കമീഷണൻ അജിത് കുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു. ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ തലശ്ശേരി, കൂത്തുപറമ്പ് ഉൾപ്പെടെ സ്ഥലങ്ങളിലെ ക്രമസമാധാന പ്രശ്നങ്ങളും ജില്ലയുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ചും പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചർച്ചയായി. അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധനകളുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.