വടകര: തിമിർത്തുപെയ്ത മഴയിലും കാറ്റിലും വടകര താലൂക്കിൽ 14 വീടുകൾക്ക് നാശം. 13 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. കാവിലുംപാറ വില്ലേജിലാണ് വീട് പൂർണമായും തകർന്നത്. ഇവിടെ രണ്ടു വീടുകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. നാദാപുരം, പുറമേരി, വില്യാപ്പള്ളി, വടകര, നടക്കുതാഴെ, ഏറാമല, ഒഞ്ചിയം, ചോറോട്, പാലയാട്, നരിപ്പറ്റ വില്ലേജുകളിൽ ഓരോ വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്.
ശനിയാഴ്ച ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയാണ് വീടുകൾക്ക് നാശമുണ്ടായത്. കാലവർഷക്കെടുതിയിലെ നാശനഷ്ടം പൂർണമായും തിട്ടപ്പെടുത്തിയിട്ടില്ല. പഞ്ചായത്തുകളാണ് നാശനഷ്ടം തിട്ടപ്പെടുത്തി റവന്യൂ വകുപ്പിന് കൈമാറേണ്ടത്.
മലയോര മേഖലയിലെ നഷ്ടമുണ്ടായ വിളകളുടെയും മറ്റും വിവരങ്ങൾ ലഭ്യമായിട്ടില്ല. തിങ്കളാഴ്ചയോടെ മാത്രമേ നഷ്ടത്തിന്റെ പൂർണ വിവരം ലഭ്യമാവൂ. കാറ്റിൽ പലയിടത്തും മരങ്ങൾ വീണ് വൈദ്യുതിബന്ധം തടസ്സപ്പെട്ടു.
കെ.എസ്.ഇ.ബിയും നാട്ടുകാരും പലയിടങ്ങളിലും യുദ്ധകാലാടിസ്ഥാനത്തിൽ രംഗത്തിറങ്ങിയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. അഗ്നിരക്ഷാസേന തലങ്ങും വിലങ്ങും ഓടിയാണ് മരങ്ങൾ മുറിച്ചുമാറ്റിയത്. വൈദ്യുതി തൂണുകൾ തകർന്ന് വൈദ്യുതി വകുപ്പിനും നഷ്ടമുണ്ടായി. കാറ്റിൽ മരങ്ങൾ വീടുകൾക്ക് മുകളിൽ വീണ് പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.